സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് നിർധനരായ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ സമ്മാനിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ദുബായിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് ജി.ഡി.ആർ.എഫ്.എയുടെ നേതൃത്വത്തിൽ പുതിയ പെരുന്നാൾ വസ്ത്രങ്ങൾ സമ്മാനിച്ചത്.
ബിഗ് ഹാർട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് ആരംഭിച്ച ‘അവരുടെ സന്തോഷം ഈദ്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജി.ഡി.ആർ.എഫ്.എയിലെ 40 സന്നദ്ധപ്രവർത്തകർ കുട്ടികളുമായി വസ്ത്രാലയങ്ങളിലെത്തി അവരുടെ ഇഷ്ടങ്ങൾ അനുസരിച്ചുള്ള പുതിയ ഈദ് വസ്ത്രങ്ങളാണ് തിരഞ്ഞെടുത്ത് സമ്മാനിച്ചത്.
പെരുന്നാൾ ദിനത്തിൽ പണമില്ലാത്തതിന്റെ പേരിൽ കുട്ടികളുടെ സന്തോഷം ഇല്ലാതാക്കരുത് എന്ന ആശയമാണ് ഇത്തരമൊരു പ്രവർത്തനത്തിന് ജി.ഡി.ആർ.എഫ്.എയെ പ്രേരിപ്പിച്ചത്. വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും സാമൂഹിക ഇടപെടൽ നിലനിർത്താനുള്ള ദൗത്യത്തിന്റെ ഭാഗമാണിതെന്നും ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.