ദുബായിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീളുമെന്ന് ആർടിഎ അറിയിച്ചു. സാങ്കേതിക പരിശോധനകൾ നടത്തുന്നതിനും പാലത്തിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിന്റെ ഭാഗമായുമാണ് അടച്ചിട്ടത്. കൂടാതെ പാലത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് രണ്ട് ദിശകളിലേക്കുമുള്ള ബ്രിഡ്ജ് അടച്ചിടുന്നു എന്ന് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം ഫ്ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നതിനാൽ അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, അൽ ഗർഹൂദ് പാലം എന്നിവയിലൂടെ യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകൾക്ക് പുറമെ അൽ ഇത്തിഹാദ് സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ അൽ മംസാർ സ്ട്രീറ്റിന്റെ എക്സിറ്റും ആർടിഎ തുറന്നു നൽകും.