ദുബായിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ക്കായി അഞ്ചാഴ്ച അടച്ചിടുമെന്ന് അറിയിപ്പ്. ഏപ്രില്‍ 17 തിങ്കാളാഴ്ച മുതലാണ് പാലത്തിന്റെ ഗതാഗതം നിരോധിക്കുന്നതെന്ന് റോഡ് ഗതാഗത അതോറിറ്റിഅധികൃതര്‍ അറിയിച്ചു. ദേരയെയും ബര്‍ദുബായെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് നിലകൊളളുന്നത്.യാത്രക്കാരുടെ സുരക്ഷ ലക്ഷ്യംവെച്ച് വിപുലമായ അറ്റകുറ്റപ്പണികളാണ് പാലത്തില്‍ നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.
പാലം അടക്കുന്ന സാഹചര്യത്തില്‍ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ബദല്‍ റോഡുകളും ക്രോസിങ്ങുകളും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, അൽ ഗർഹൂദ് പാലം, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവ ബദൽ മാർഗ്ഗങ്ങളായി ഉപയോഗിക്കാമെന്നും ആർടിഎ ഓർമ്മിപ്പിച്ചു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, അൽ ഇത്തിഹാദ് സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളിൽനിന്ന് വരുന്ന വാഹനങ്ങൾക്കായി മംസാർ സ്ട്രീറ്റ് എക്സിറ്റ് പാത ഉപയോഗിക്കാൻ ഗതാഗത വിഭാഗം സൗകര്യം ഒരുക്കും. ബർ ദുബായിൽനിന്ന് ഊദ് മേത്ത റോഡ് വഴി ദേരയിലേക്ക് പോകാനായി അൽ മക്തൂം പാലമോ അൽ ഗർഹൂദ് പാലമോ ഉപയോഗിക്കാൻ കഴിയും.ദേരയിൽനിന്ന് അൽ ഖലീജ് സ്ട്രീറ്റ് വഴി ബർ ദുബായിലേക്ക് എത്താൻ ഇൻഫിനിറ്റി പാലം ഉപയോഗിക്കാമെന്നും ആർടിഎ നിർദ്ദേശിച്ചു.
റോഡ് ഗതാഗതത്തിന് ഉപയോഗിച്ച ശേഷം നിശ്ചിത സമയത്തേക്ക് ജലഗതാഗതത്തിനായി പാലം അടച്ചിടും. രാത്രിയിൽ ബോട്ടുകൾക്കും അബ്രാകൾക്കും കടന്നുപോകാൻ പാലം തുറന്നിടും. അൽ മക്തൂം പാലത്തിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിനായി അൽ ഗർഹൂദിനും അൽ മക്തൂം പാലങ്ങൾക്കും ഇടയിൽ നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് 2007 ജൂലൈയിലാണ് പൊതുഗതാഗതത്തിന് തുറന്നുനൽകിയത്.