ഫുട്ബോൾ ആരാധകർക്കായി ഫിഫ ലോകകപ്പ് ആസ്വദിക്കാൻ ദുബായ് എക്‌സ്‌പോ സിറ്റിയിൽ ഫാൻ സോണുകൾ സജ്ജം. ഖത്തറിൽ പോകാൻ സാധിക്കാത്തവർക്ക് എക്സ്പോ സിറ്റിയിലെ വലിയ സ്ക്രീനിലൂടെ കളി കാണാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. കൂടാതെ എക്സ്പോ സിറ്റിയിലെ പുതിയ വിസ്മയങ്ങൾ നേരിട്ട് കാണാനും സാധിക്കും. രണ്ട് സോണുകളിലായി 12,500 പേർക്ക് കളി കാണാവുന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ജൂബിലി പാർക്ക് 10,0000 പേർക്ക്
മത്സരം തുടങ്ങുന്ന നവംബർ 20ന് ജൂബിലി പാർക്കിലെ ഫാൻ സിറ്റിയിൽ 10,000 പേർക്ക് കളി കാണാം. ജൂബിലി പാർക്ക് പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ പുലർച്ചെ 1.30 വരെയും വാരാന്ത്യങ്ങളിൽ ഉച്ച മുതൽ പുലർച്ചെ 1.30 വരെയും തുറക്കും. ടിക്കറ്റ് നിരക്ക് 30 ദിർഹം.
അൽവാസൽ പ്ലാസ വിഐപികൾക്ക്
ഡിസംബർ 3 മുതൽ നടക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങൾ കാണാൻ അൽ വാസൽ പ്ലാസയിൽ വിഐപികൾക്ക് സൗകര്യമുണ്ട്. നാല് വലിയ സ്‌ക്രീനുകളിലൂടെ മത്സരങ്ങൾ തത്സമയം കാണാം. ഇൻ-ഗെയിം ഗ്രാഫിക്‌സും ആസ്വദിക്കാം.
മൂന്ന് തരം പാക്കേജ്
2500 പേർക്ക് ഇരിക്കാവുന്ന അൽവാസൽ പ്ലാസയിൽ സൗകര്യം അനുസരിച്ച് ജനറൽ, വിഐപി ഹോസ്പിറ്റാലിറ്റി, വിവിഐപി ബോക്‌സ് എന്നിങ്ങനെ മൂന്ന് പാക്കേജുകൾ. ഹോസ്പിറ്റാലിറ്റി വിഭാഗക്കാർക്ക് ഡിസംബർ 31 വരെ കാലാവധിയുള്ള എക്സ്പോ സിറ്റി ഏകദിന പാസും സൗജന്യം.