സഞ്ചാരികളുടെയും നിവാസികളുടെയും സ്വപ്നനഗരമാണ് ദുബായ്. ഇപ്പോൾ രാത്രികാല സൗന്ദര്യത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ദുബായ്. ലോകമെമ്പാടുമുള്ള 136 നഗരങ്ങളിലുടനീളം ട്രാവൽബാഗ് നടത്തിയ പഠനത്തിലാണ് ദുബായ് മുൻപന്തിയിലെത്തിയത്.
പ്രകാശത്തിൻ്റെയും ശബ്ദ മലിനീകരണത്തിൻ്റെയും അളവ്, രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നതിനുള്ള സുരക്ഷാ റേറ്റിംഗ്, നിയമപാലകർ, അടിയന്തര സേവനങ്ങൾ, ദുബായിലെ കർശനമായ നിയന്ത്രണങ്ങൾ, നിയമങ്ങളുടെ നിർവ്വഹണം, കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
ആഡംബര നൗകകൾ, റെസ്റ്റോറൻ്റുകൾ, അംബരചുംബികളായ കെട്ടിടങ്ങൾ, അപ്പാർട്ട്‌മെൻ്റുകൾ ഉൾപ്പെടെയുള്ള നഗരദൃശ്യങ്ങളാണ് ദുബായിയുടെ സൗന്ദര്യം വർധിപ്പിക്കുന്നത്. 100-ൽ 83.4 സുരക്ഷാ സ്‌കോറുമായി ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്തിയ ദുബായ് സുരക്ഷയിലും മികവ് പുലർത്തി. ഇത് സന്ദർശകർക്ക് നഗരത്തിൻ്റെ സൗന്ദര്യം ആശങ്കകളില്ലാതെ രാത്രിയിലും ആസ്വദിക്കാൻ കഴിയുമെന്നതാണ് ഉറപ്പാക്കുന്നത്.