ഭാവി തലമുറ നേതാക്കളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തന പദ്ധതികൾ തുടരുകയാണെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ലീഡർഷിപ്പ് ക്യാമ്പിലാണ് ഷെയ്ക്ക് ഹംദാൻ ഇക്കാര്യം വ്യക്തമാക്കിയത്.
വികസന പ്രക്രിയയ്ക്ക് മനുഷ്യ ശേഷിയെ മൂലധനമാക്കുന്നതിനും യുവാക്കളെ പിന്തുണയ്ക്കുന്നതിനും യുഎഇയുടെ കര്‍മ്മ പദ്ധതികളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഭാവി കെട്ടിപ്പടുക്കാൻ വരും തലമുറ നേതാക്കൾ പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യ മൂലധനം വികസിപ്പിക്കുന്നത് രാഷ്ട്രങ്ങളുടെ സമൃദ്ധിക്ക് പ്രധാനമാണെന്നും ഫലപ്രദമായ നേതൃത്വത്തിന് സ്ഥിരോത്സാഹവും ക്ഷമയും ആവശ്യമാണെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് നമ്മെ പഠിപ്പിച്ചു. ദുബായുടെ ഭാവി കെട്ടിപ്പടുക്കുന്നതിനും തന്ത്രപരമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും യുവനിരയുടെ ശക്തി, സ്വാധീനം, സഹകരണം, ആശയവിനിമയം, എന്നിവ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് മുഹമ്മദിന്റെ രക്ഷാകർതൃത്വത്തിൽ മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ലീഡർഷിപ്പ് ഡെവലപ്‌മെന്റ് (എംബിആർസിഎൽഡി) ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ നിരവധി സെഷനുകളും വർക്ക്‌ഷോപ്പുകളുമുണ്ടായിരുന്നു. ക്യാബിനറ്റ് കാര്യ മന്ത്രിയും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി ഉൾപ്പെടെ നിരവധി ഉന്നത പ്രഭാഷകർ പങ്കെടുത്തു.
മേജർ ജനറൽ തലാൽ ഹുമൈദ് ബെൽഹൂൽ അൽഫലാസി, ദുബായിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ; റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാനും ഡയറക്ടർ ജനറൽ മാറ്റർ അൽ തായര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.