പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോല്പന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ സംവിധാനവുമായി ദുബായ് സെൻട്രൽ ലബോറട്ടറി. ജനിതക പരിശോധനയിലൂടെ പന്നി ഇറച്ചിയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളുടെ സാന്നിധ്യം ഭക്ഷണങ്ങളിൽ കണ്ടെത്തുന്നതിനായുള്ള പരിശോധനയാണ് ആരംഭിച്ചത്.
പുതിയ പരിശോധനാ സംവിധാനം നിലവിലുള്ള പരമ്പരാഗത പരിശോധനാ രീതിയേക്കാൾ പത്തിരട്ടി മികച്ചതാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന മാംസത്തിൻ്റെ ഡിഎൻഎ ശേഖരിച്ചാണ് ഫലത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ദുബായ് സെൻട്രൽ ലബോറട്ടറി പുതിയ സംവിധാനം ആരംഭിച്ചത്. വിപണിയിലെ ഭക്ഷ്യവസ്‌തുക്കളുടെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.
പുതിയ സംവിധാനത്തിൽ ഒരു ദിവസം കൊണ്ട് പരിശോധനാഫലം ലഭ്യമാക്കാനും സാധിക്കും. മണിക്കൂറിൽ 100 പരിശോധനകൾ നടത്താൻ ശേഷിയുള്ളതാണ് ഉപകരണം. ഭക്ഷ്യവസ്തുക്കളിലെ ബാക്‌ടീരിയ, യീസ്‌റ്റ്, പൂപ്പൽ തുടങ്ങിയവയുടെ സാന്നിധ്യവും പരിശോധനയിൽ വ്യക്തമാകും. വിപണിയിൽ ലഭ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്വഭാവം പരിഗണിച്ചാണ് പരിശോധന നടത്തുകയെന്നും പൂർണമായും ഓട്ടമാറ്റിക് സാങ്കേതികവിദ്യയിൽ നടത്തുന്ന പരിശോധന എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നവയാണെന്നും ദുബായ് ലാബ് ആക്‌ടിങ് ഡയറക്‌ടർ ഹിന്ദ് മഹ്‌മൂദ് അഹമ്മദ് പറഞ്ഞു.