യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. നാടുകളും നഗരങ്ങളും താണ്ടി കാഴ്ചകൾ കണ്ടും ആസ്വദിച്ചും നടത്തുന്ന ഓരോ യാത്രയും എന്നും പ്രിയപ്പെട്ടതാണ്. അത്തരത്തിൽ യാത്രകളെ സ്നേഹിക്കുന്നവർക്ക് ഒരു മേള ഒരുങ്ങുകയാണ് ദുബായിൽ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാപ്രദർശന മേളയ്ക്ക് അറേബ്യൻ ട്രാവൽ മാർക്കറ്റി(എ.ടി.എം)ന് മേയ് 6ന് തുടക്കമാകും. നാലു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിന് ദുബായ് വേൾഡ് ട്രേഡ് സെന്ററാണ് വേദിയാകുന്നത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി പ്രമുഖ യാത്രാസേവന ദാതാക്കളും കമ്പനികളും പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേരും. ആഗോളതലത്തിൽ തന്നെ വിനോദസഞ്ചാര മേഖലയിൽ ദുബായ് വലിയ മുന്നേറ്റമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ലണ്ടൻ, ന്യൂയോർക്ക് സിറ്റി, ബാങ്കോക്ക് തുടങ്ങിയ പ്രധാന തലസ്ഥാന നഗരങ്ങളെക്കാൾ കൂടുതൽ ഹോട്ടൽ മുറികൾ ദുബായിലുണ്ട്. ഈ മാസം മുതൽ നഗരത്തിലെ ഹോട്ടൽ മുറികളുടെ ശേഷി 1.5ലക്ഷത്തിലധികമായാണ് കണക്കാക്കുന്നത്.
ഗൾഫ് മേഖലയിലെ ഹോസ്പിറ്റാലിറ്റി രംഗം വളരുന്ന സാഹചര്യമാണിത്. ഈ സാഹചര്യത്തിൽ കടന്നുവരുന്ന എ.ടി.എം ലോകത്താകമാനമുള്ള നിരവധി ബ്രാൻഡുകളെ പരിചയപ്പെടുത്തുമെന്ന് എക്സിബിഷൻ ഡയറക്ടർ ഡാനിയൽ കാർടിസ് പറഞ്ഞു. മാത്രമല്ല, ടൂറിസം, യാത്രാമേഖലയുമായി ബന്ധപ്പെട്ട നിരവധി കരാറുകളിലും കമ്പനികൾ മേളയിൽ ഒപ്പുവെക്കും. ചതുർദിന മേളക്കിടെ വിവിധ വേദികളിലായി നിരവധി സമ്മേളനങ്ങളും നടക്കുന്നുണ്ട്. സഞ്ചാര മേഖലയിലെ പുതിയ ട്രെൻഡുകളും ആശയങ്ങളും പരിചയപ്പെടുത്താനും മേളയിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ടൂർ ഓപറേറ്റർമാർ, ഹോട്ടൽ വ്യവസായികൾ, ട്രാവൽ ഏജൻറുമാർ എന്നിവരും മേളക്കായി ദുബായിൽ എത്തും. കേരളത്തിൽ നിന്നും സംരംഭകർ മേളക്ക് എത്തിച്ചേരാറുണ്ട്. കഴിഞ്ഞ വർഷം നൂറിലേറെ രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ പ്രദർശകരാണ് മേളയ്ക്കെത്തിയിരുന്നത്.