ദുബായിൽ ബിൽഡിംഗ് പെർമിറ്റുകൾക്കും നിയന്ത്രണ സേവനങ്ങൾക്കുമായി പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു. നവീകരിച്ച ബിൽഡിംഗ് കോഡ് പ്രകാരമായിരിക്കും ഓൺലൈൻ സംവിധാനത്തിന്റെ പ്രവർത്തനം. കെട്ടിട നിർമ്മാണ മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ആഗോള മുൻനിര നഗരമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ഈ സംവിധാനം.
കെട്ടിടത്തിന്റെയോ ഇൻഫ്രാസ്ട്രക്ചറിന്റെയോ ഡിജിറ്റൽ പ്രാതിനിധ്യമായ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഐഎം) ഉപയോഗിച്ച് ഓട്ടോമേറ്റഡ് ചെക്കുകൾ നടപ്പിലാക്കുമ്പോൾ പുതിയ സംവിധാനം മികച്ചതും സംയോജിതവുമായ സേവനങ്ങളും പരിഹാരങ്ങളും നൽകും.
“പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലൂടെ, ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുക, സമയവും ചെലവും കുറയ്ക്കുക, സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യവെയ്ക്കുന്നതെന്ന്,” ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. പുതിയ ബിൽഡിംഗ് പെർമിറ്റ്, ലൈസൻസിംഗ് സൈറ്റ് തയ്യാറാക്കൽ പ്രക്രിയകളും ഡ്രെയിലിംഗും, നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിരവധി നിരീക്ഷണ സേവനങ്ങൾ തുടങ്ങിയ നിരവധി സേവനങ്ങൾ ഇതിൽ ഉൾപ്പെടും.