ജനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാഗമായി സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും കാൽനട യാത്രക്കാർക്കും അനുയോജ്യമായ പുതിയ മൾട്ടി യൂസ് ട്രാക്ക് നിർമ്മിക്കാൻ ഒരുങ്ങുകയാണ് ആർടിഎ. 13.5 കിലോമീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് പുതിയ ട്രാക്ക് നിർമ്മിക്കുക.
ഇതിൽ സൈക്കിൾ യാത്രക്കാർക്കും സ്കൂട്ടർ റൈഡർമാർക്കും 2.5 മീറ്റർ വീതിയുള്ള ട്രാക്കും കാൽനട യാത്രക്കാർക്ക് 2 മീറ്റർ വീതിയുമുള്ള ട്രാക്കാണ് ഒരുക്കുക. അൽ സുഫൗഹിനെ ഹെസ്സ സ്ട്രീറ്റ് വഴി ദുബായ് ഹിൽസുമായി ബന്ധിപ്പിക്കുന്ന ഈ പുതിയ ട്രാക്കിൽ ഷെയ്ഖ് സായിദ് റോഡും അൽ ഖൈൽ റോഡും കടന്നുപോകുന്ന രണ്ട് പാലങ്ങളുണ്ട്. പുതിയ മൾട്ടി യൂസ് ട്രാക്ക് ഹെസ്സ സ്ട്രീറ്റ് ഇംപ്രൂവ്മെൻ്റ് പദ്ധതിയുടെ ഭാഗമാണെന്ന് ആർടിഎ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അൽ തായർ വ്യക്തമാക്കി. ട്രാക്കിൻ്റെ ശേഷി മണിക്കൂറിൽ 5,200 ഉപയോക്താക്കളായാണ് കണക്കാക്കപ്പെടുന്നതെന്ന് ആദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് ഇൻ്റർനെറ്റ് സിറ്റി മെട്രോ സ്‌റ്റേഷനുമായും സമീപത്തെ മറ്റ് ഹോട്ട്‌സ്‌പോട്ടുകളുമായും ബന്ധിപ്പിച്ച് യാത്രകൾക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്ന വിധത്തിലാണ് ട്രാക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡ് ഇൻ്റർസെക്‌ഷനുകൾക്കുമിടയിൽ 4.5 കിലോമീറ്ററാണ് ഹെസ്സ സ്ട്രീറ്റ് ഇംപ്രൂവ്‌മെൻ്റ് പദ്ധതി. ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയോടൊപ്പം ഹെസ്സ സ്ട്രീറ്റിനൊപ്പം നാല് പ്രധാന കവലകളിലേക്കുള്ള നവീകരണവും ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. ഹെസ്സ സ്ട്രീറ്റ് ഓരോ ദിശയിലും രണ്ടിൽ നിന്ന് നാല് വരികളായി വികസിപ്പിക്കും, രണ്ട് ദിശകളിലും മണിക്കൂറിൽ 16,000 വാഹനങ്ങളുടെ ശേഷി ഇരട്ടിയാക്കുകയും ചെയ്യും.
പുതിയ ട്രാക്കിൽ സവിശേഷമായി രൂപകൽപ്പന ചെയ്ത രണ്ട് പാലങ്ങളാണുള്ളത്. ആദ്യത്തേത് ഷെയ്ഖ് സായിദ് റോഡിന് മുകളിലൂടെ 528 മീറ്ററും രണ്ടാമത്തേത് അൽ ഖൈൽ റോഡിന് മുകളിലൂടെ 501 മീറ്ററുമാണ്. ഓരോ പാലത്തിനും 5 മീറ്റർ വീതിയുണ്ട് (സൈക്കിളുകൾക്കും ഇ-സ്‌കൂട്ടറുകൾക്കും 3 മീറ്ററും കാൽനടയാത്രക്കാർക്ക് 2 മീറ്ററും). 2030ഓടെ ദുബായിലെ സൈക്ലിംഗ് ട്രാക്കുകളുടെ മൊത്തത്തിലുള്ള നീളം 544 കിലോമീറ്ററിൽ നിന്ന് 1,000 കിലോമീറ്ററായി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.