ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിൽ നാല് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ജൂൺ 15 (ശനി) മുതൽ ജൂൺ 18 (ചൊവ്വ) വരെയാണ് മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിലൊഴികെ സൗജന്യ പൊതു പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. അവധിക്ക് ശേഷം 19ന് നിരക്കുകൾ പുനസ്ഥാപിക്കുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി. പെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായ് മെട്രോയുടെയും ദുബായ് ട്രാമിൻ്റെയും പുതുക്കിയ പ്രവർത്തന സമയവും ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു.
ദുബായ് മെട്രോയുടെ സമയക്രമം
• ചുവപ്പ്, പച്ച ലൈനുകൾ ജൂൺ 15 (ശനി) രാവിലെ 5 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം)
• ജൂൺ 16 (ഞായർ) രാവിലെ 8 മുതൽ രാവിലെ 1 വരെ (അടുത്ത ദിവസം)
• ജൂൺ 17-18 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ
ദുബായ് ട്രാമിന്റെ സമയക്രമം
• ജൂൺ (ശനി) രാവിലെ 6 മുതൽ പുലർച്ചെ 1 വരെ
• ജൂൺ 16 (ഞായർ) രാവിലെ 9 മുതൽ പുലർച്ചെ 1 വരെ
• ജൂൺ 17-18 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ
പബ്ലിക്, ഇൻ്റർസിറ്റി ബസുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണമുണ്ട്. ബസിന്റെ സമയം അറിയുന്നതിനായി യാത്രക്കാർക്ക് S’hail ആപ്പ് പരിശോധിക്കണമെന്നും അപ്പിൽ വാട്ടർ ടാക്സി, ദുബായ് ഫെറി, അബ്ര എന്നിവയുൾപ്പെടെ സമുദ്രഗതാഗതത്തിനുള്ള പ്രവർത്തന സമയവും ആപ്പിൽ നൽകിയിട്ടുണ്ടെന്നും ആർടിഎ അധികൃതർ വ്യക്തമാക്കി.
ഉമ്മു റമൂൽ, ദെയ്റ, ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലെ കിയോസ്കുകളോ സ്മാർട്ട് കസ്റ്റമർ സെൻ്ററുകളോ ഒഴികെ എല്ലാ ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും അവധി ദിവസങ്ങളിൽ അടച്ചിടും. എന്നാൽ ആർടിഎ ഹെഡ് ഓഫീസ് ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.