ഇനി യുഎഇയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എഐ ഓഫീസർമാർ നിർബന്ധം. യുഎഇയിൽ സാമ്പത്തിക ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഡിജിറ്റൽ സൊല്യൂഷനുകൾ സ്വീകരിക്കാനും ലക്ഷ്യമിടുന്ന വാർഷിക പദ്ധതിയായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായുള്ള ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിൻ്റ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ തിങ്കളാഴ്ച പുറത്തിറക്കി.
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ചീഫ് എഐ ഓഫീസർമാരെ നിയമിക്കുന്നതാണ് പ്രാരംഭ ഘട്ടത്തിലുള്ള ആദ്യ ബാച്ച് പ്രോജക്ടുകൾ. ഒരു പുതിയ എഐ കമ്പനി ലൈസൻസ് അവതരിപ്പിക്കുന്നതിനൊപ്പം ഡാറ്റാ സെൻ്ററുകളെ ആകർഷിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള ഒരു സമഗ്ര പരിപാടിയും ഇതിനോടൊപ്പം അവതരിപ്പിക്കും.
നഗരത്തിൻ്റെ എഐ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്കൂളുകളിലും എഐ പ്രോത്സാഹിപ്പിക്കും. മാത്രമല്ല, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി പ്രത്യേക ഇൻകുബേറ്ററുകളും ക്യാമ്പസുകളും നഗരത്തിൽ ആരംഭിക്കുന്നുമുണ്ട്. ഡിജിറ്റൽ പരിവർത്തനത്തിൽ നിന്ന് ദുബായുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 100 ബില്യൺ ദിർഹം ചേർക്കും. കൂടാതെ, സാമ്പത്തിക ഉൽപ്പാദനക്ഷമത 50 ശതമാനം വർധിപ്പിച്ചും ദുബായുടെ സാമ്പത്തിക അജണ്ട D33 ൻ്റെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.