അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അൽ ഖൈൽ സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ സൈക്ലിറ്റ്സ് ക്ലബ് വരെയുള്ള മേഖലയിലാണ് നവീകരണ പ്രവർത്തികൾ നടക്കുന്നത്. പദ്ധതി 2024-ന്റെ രണ്ടാം പാദത്തിൽ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മെയ്ദാൻ റൗണ്ട് എബൗട്ടിന് പകരം ടി-ഷേപ്പ് സിഗ്നൽ ഇന്റർസെക്‌ഷനാണ് നിർമ്മിച്ചിരിക്കുന്നത്. ഈ റൂട്ടിലെ അൽ ഖൂസ് റൗണ്ട് എബൗട്ട് ഒരു സ്ട്രീറ്റാക്കി മാറ്റി. കൂടാതെ അൽ മെയ്ദാൻ സ്ട്രീറ്റ് മേഖലയിൽ റോഡ് മൂന്ന് വരിയാക്കുകയും ചെയ്തു.
നവീകരണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ അൽ മെയ്ദാൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കാൻ ആവശ്യമായ സമയം എട്ട് മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയുമെന്ന് ട്രാഫിക് ആന്റ് റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹ്ഹി വ്യക്തമാക്കി.