ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടുത്ത രണ്ട് ആഴ്ച യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍. വേനലവധിയും ബലിപെരുന്നാള്‍ അവധിയും പ്രമാണിച്ച് സ്കൂളുകള്‍ അടക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബായ് വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ജൂണ്‍ 24നും ജൂലൈ 4നും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. പ്രതിദിനം ശരാശരി 2,14,000 യാത്രക്കാരെങ്കിലും ദുബായ് വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 2 ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് സൂചന. അന്നേ ദിവസം 2,35,000 പേരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുക. ബലി പെരുന്നാള്‍ വാരാന്ത്യമായ ജൂലൈ 8നും 9നും സമാനമായ രീതിയില്‍ യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടാകും.
വിമാന കമ്പനികള്‍, കണ്ട്രോള് റൂം അധികൃതര്‍, കൊമേഴ്സ്യല്‍ സര്‍വീസ് പങ്കാളികൾ എന്നിവരുമായി സഹകരിച്ച് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബായ് എയര്‍പോര്‍ട്ട്. അവധിക്കാലത്തെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ യാത്രക്കാര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനും അധികൃതരുടെ ഓർമപ്പെടുത്തൽ.
▪️യാത്ര പോകുന്ന സ്ഥലത്തെ യാത്രാ മാര്ഗനിര്ദ്ദേശങ്ങളെപ്പറ്റി യാത്രക്കാര്‍ ബോധവാന്മാരായിരിക്കണം. യാത്രക്ക് ആവശ്യമായ സാധുവായ രേഖകളെല്ലാം കൈയിൽ ഉണ്ടെന്ന് വിമാനത്താവളത്തില്‍ എത്തുംമുൻപേ യാത്രക്കാര്‍ ഉറപ്പുവരുത്തണം.
▪️കുടുംബത്തോടൊപ്പവും 12 വയസിന് മുകളിലുള്ള കുട്ടികളോടൊപ്പവും യാത്ര ചെയ്യുന്നവര്‍ പാസ്പോര്‍ട്ട് കണ്ട്രോള് നടപടികള്‍ വേഗത്തിലാക്കാന്‍ സ്മാര്‍ട്ട് ഗേറ്റ്സ് സംവിധാനം പ്രയോജനപ്പെടുത്തുക.
ടെര്‍മിനല്‍ വണ്ണിൽ നിന്ന് യാത്ര പുറപ്പെടുന്നവരാണെങ്കില്‍ നിശ്ചിത സ്ഥലത്ത് പുറപ്പെടുന്നതിന് 3 മണിക്കൂര്‍ മുൻപെങ്കിലും എത്തിച്ചേരണം. ഓണ്‍ലൈന്‍ വഴിയുള്ള ചെക്ക്-ഇന്‍ ലഭ്യമായ സ്ഥലങ്ങളില്‍ അത് പ്രയോജനപ്പെടുത്തുക.
ടെര്‍മിനല്‍ 3ൽ നിന്ന് പുറപ്പെടുന്നവര്‍ക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ സൗകര്യപ്രദമായ മുൻകൂട്ടി ഉള്ളതും സ്വയം ചെയ്യാവുന്നതുമായ ചെക് ഇന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്താം.
▪️വീട്ടില്‍ നിന്ന് തന്നെ ലഗേജിന്റെ ഭാരം, രേഖകള്‍ എന്നിവ പരിശോധിച്ച് ഉറപ്പാക്കാം. സെക്യൂരിറ്റി പരിശോധനക്കുള്ള തയ്യാറെടുപ്പുകൾ നടത്താം. എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള യാത്രക്ക് ദുബായ് മെട്രോ സേവനം ഉപയോഗിക്കാം. ഈദ് അവധി ദിവസങ്ങളിൽ മെട്രോ സമയം നീട്ടിയിട്ടുണ്ട്.
യാത്രക്കാരുടെ സുഹൃത്തുകളും കുടുംബാംഗങ്ങളും നിശ്ചയിച്ചിരിക്കുന്ന കാര്‍ പാര്‍ക്കിങ് സ്ഥലത്ത് തന്നെ എത്തുക.