വേനലവധി കഴിഞ്ഞ് പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പഴുതടച്ച സജ്ജീകരണങ്ങൾക്ക് ഒരുക്കമായി. അടുത്ത 12 ദിവസത്തിൽ 33 ലക്ഷം യാത്രക്കാരാണ് ദുബായിലേക്ക് എത്തുക. ഒരു ദിവസം ശരാശരി 2.58 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം രണ്ടു മാസത്തിൽഏറെ നീണ്ടു നിന്ന മധ്യവേനലവധിക്കു ശേഷം കുട്ടികൾ വീണ്ടും പഠനത്തിരക്കിലേക്കും തിരിച്ചെത്തുകയാണ്. 26,27 തീയതികളിലായാണ് കൂടുതൽ പ്രവാസികൾ എത്തുന്നത്. അന്നേദിവസങ്ങളിൽ 5 ലക്ഷം യാത്രക്കാരെയാണ് ആഗമന ടെർമിനലിൽ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 28ന് സ്കൂളുകളും തുറക്കും.
യാർഡുകളിൽ മാത്രം പാർക്കിങ്
അതിഥികളെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തുന്നവർ വാഹനങ്ങൾ പാർക്കിങ് ടെർമിനലുകളിൽ മാത്രമേ നിർത്താൻ പാടുള്ളു. അല്ലാത്തവർ വാലെ പാർക്കിങ്ങിനു നൽകണം. അതേസമയം ടെർമിനൽ ഒന്നിലും മൂന്നിലും അറൈവൽ ഭാഗത്തേക്ക് ടാക്സികൾക്കും ഔദ്യോഗിക വാഹനങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം. കൂടാതെ റോഡിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടും എന്നതിനാൽ ടെർമിനൽ 1, 3 എന്നിവയിലേക്ക് പോകാൻ മെട്രോ ഉപയോഗിക്കുന്നതാണ് ഉചിതം. റൈഡ് ഹെയ്‌ലിങ് ആപ്ലിക്കേഷനോ റെന്റ് എ കാറോ ടാക്സിയോ ഉപയോഗിക്കുന്നതും സൗകര്യപ്രദമായിരിക്കും.
ഓട്ടമാറ്റിക് വാതിലുകൾ
ഇമിഗ്രേഷൻ കൗണ്ടറുകളിൽ അനുഭവപ്പെടുന്ന നീണ്ട ക്യു ഒഴിവാക്കുന്നതിനായി സ്മാർട്ട് ഗേറ്റുകളുടെ ഉപയോഗം കൂട്ടും. നാല് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പാസ്പോർട്ടുകൾ സ്വയം സ്റ്റാംപ് ചെയ്യാനുള്ള സൗകര്യം 1,2,3 ടെർമിനലുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 12 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിച്ചു പുറത്തേക്കും വരാം.
എന്നാൽ റസിഡന്റ് വീസയുള്ളവർക്ക് പാസ്പോർട്ട് സ്കാൻ ചെയ്യാതെ തന്നെ പുറത്തു വരാൻ കഴിയും. കണ്ണുകൾ സ്കാൻ ചെയ്തതിന് ശേഷം ഇവർക്ക് പുറത്തിറങ്ങാം. യാത്രക്കാർക്ക് യാതൊരു തടസ്സവും കൂടാതെ സേവനം ലഭ്യമാക്കാൻ വിമാനത്താവള അധികൃതരും വിമാന കമ്പനികളും മറ്റു സേവന ദാതാക്കളും ചേർന്നാണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്.