ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് വ്യോമയാന റൂട്ടുകളിൽ അഞ്ചെണ്ണത്തിൽ ഇടം നേടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ആഗോള ഫ്ലൈറ്റ് വിവരങ്ങൾ, വിമാനത്താവളങ്ങൾ, എയർലൈനുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ ദാതാവായ ഒഎജിയുട അഭിപ്രായത്തിലാണ് ദുബായ് മുന്നിലെത്തിയത്. ഗൾഫ്, ഇന്ത്യൻ റൂട്ടുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ.
ദുബായ്-റിയാദ് കഴിഞ്ഞ വർഷം ലോകമെമ്പാടും ഏറ്റവും തിരക്കേറിയ രണ്ടാമത്തെ റൂട്ടായിമാറി. പ്രതിദിനം 40 വിമാനങ്ങളും 3.191 ദശലക്ഷം സീറ്റുകളുമാണ് ഇവിടേക്കുളളത്. ദുബായ്-ലണ്ടൻ ഹീത്രൂ, ദുബായ്-ജിദ്ദ എന്നിവ യഥാക്രമം 2.697 ദശലക്ഷം, 2.425 സീറ്റുകളുള്ള നാലാമത്തെയും ആറാമത്തെയും തിരക്കുള്ള റൂട്ടുകളാണ്. മുംബൈ-ദുബായ്, ഡൽഹി-ദുബായ് എന്നിവ യഥാക്രമം 1.977 മില്യൺ, 1.898 മില്യൺ എന്നിങ്ങനെ സീറ്റ് കപ്പാസിറ്റി പ്രകാരം ആഗോളതലത്തിൽ ഏറ്റവും തിരക്കേറിയ എട്ടാമത്തെയും പത്താമത്തേയും റൂട്ടായിമാറി.
2021 ഒക്‌ടോബറിനും 2022 സെപ്‌റ്റംബറിനുമിടയിൽ ഷെഡ്യൂൾ ചെയ്‌ത സീറ്റുകളുടെ അടിസ്ഥാനത്തിലുളള കണക്കുകളാണ് പുറത്തുവന്നത്. ദുബായ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ കണക്കുകൾ പ്രകാരം 2022ൽ 23,672,468 യാത്രക്കാരെയാണ് ദുബായ് വിവിധ തുറമുഖങ്ങളിലൂടെ സ്വീകരിച്ചത്. ഇതിൽ 21,817,022 പേർ ദുബായിലെ രണ്ട് വിമാനത്താവളങ്ങൾ വഴിയാണ് എത്തിയതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കേവിഡ് ഭീഷണിക്ക് ശേഷം വിദേശികൾക്കായി തുറന്ന ആദ്യത്തെ നഗരങ്ങളിലൊന്നാണ് ദുബായ്ൺ ഇത് അതിവേഗ തിരിച്ചുവരവിന് വ്യോമയാന മേഖലയെ സഹായിച്ചെന്നാണ് വിലയിരുത്തല്‍. പ്രാദേശിക കാരിയർമാരായ എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവയും വളർച്ചയെ സഹായിച്ചു, എല്ലാ ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് റൂട്ടുകളിൽ സേവനം നൽകാന്‍ പ്രമുഖ വിമാനകമ്പനികൾക്ക് കഴിയുന്നതായും അധികൃതര്‍ സൂചിപ്പിച്ചു.
കഴിഞ്ഞ ഡിസംബറിൽ 4.56 ദശലക്ഷം സീറ്റുകളുള്ള ദുബായ് ഇന്റർനാഷണൽ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി മാറിയിരുന്നു. ആഗോളതലത്തിൽ വ്യോമയാന മേഖലയില്‍ മിഡിൽ ഈസ്റ്റ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും OAG ചൂണ്ടിക്കാട്ടി.