തിരക്കേറിയ സമയങ്ങളിൽ വിമാനത്താവളത്തിനുള്ളിൽ കുടുംബാംഗങ്ങളുടെ യാത്ര അയപ്പിന് അനുമതിയില്ല. വിടപറച്ചിലും മറ്റും വീട്ടിൽ തന്നെ ആകാമെന്ന് അധികൃതരുടെ നിർദ്ദേശം. ബലിപെരുന്നാൾ, വേനൽ അവധി പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.
വിമാനത്താവളത്തിനുളളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. ഒന്ന്, മൂന്ന് ടെർമിനലുകളിൽ ആഗമന പാതയിലെ പ്രവേശനം പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഈ മാസം 22ന് ആയിരിക്കുമെന്നാണ് നിഗമനം. ജൂൺ 12 മുതൽ 25 വരെ 37 ലക്ഷം അതിഥികളെ സ്വാഗതം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ഈ മാസം ശരാശരി പ്രതിദിന ട്രാഫിക് 2,64,000 ആയിരിക്കുമെന്നാണ് കണക്കുകൂട്ടൽ. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഓൺലൈൻ ചെക്ക്-ഇൻ സേവനം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.