അബുദാബി- ദുബായ് യാത്രക്കാര്‍ക്ക് പുതിയ എക്സ്പ്രസ് ബസ് സർവീസുമായി ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്ത്. ആദ്യഘട്ടത്തില്‍ വിസ് എയർ വിമാന യാത്രക്കാർക്ക് ലഭ്യമാക്കുന്ന സേവനം പിന്നീട് മറ്റ് വിമാനത്തിലെ യാത്രക്കാര്‍ക്കും ഏര്‍പ്പെടുത്താനാണ് നീക്കം.ഇതുസംബന്ധിച്ച ധാരണാ പത്രത്തിൽ ക്യാപ്പിറ്റൽ എക്സ്പ്രസ് ഫോർ റാപിഡ് ഇന്റർസിറ്റിയും ആർടിഎയും ഒപ്പുവച്ചു.
ഇബ്ൻ ബത്തൂത്ത മാൾ കേന്ദ്രീകരിച്ചാണു എക്സ്പ്രസ് ബസിന്‍റെ സേവനം. വിമാന ടിക്കറ്റ് നിരക്കിനോടൊപ്പം ബസ് ചാര്‍ജ്ജും ഈടാക്കും. യാത്രക്കാരുടെ ലഗേജ് വയ്ക്കാനുള്ള സൗകര്യം, പാർക്കിങ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആർടിഎ ഒരുക്കും. ഇബ്ന്‍ ബത്തൂത്ത സ്റ്റേഷനിലെ സേവനത്തിന് ആർടിഎ മേൽനോട്ടം വഹിക്കും. സ്‌റ്റേഷനിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണവും ശക്തമാക്കും.
ഇരു എമിറേറ്റുകളും തമ്മിലുളള ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സേവനങ്ങൾ വിപുലമാക്കാനും പദ്ധതി ഉപകരിക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. വിനോദസഞ്ചാരികളെ ദുബായിലേക്കും അബുദാബിയിലേക്കും ആകർഷിക്കാന്‍ കഴിയുമെന്നും വിലയിരുത്തലുണ്ട്.