യുഎഇയിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ. 3 വർഷം വരെ തടവും 5,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനാൽ കഴിഞ്ഞ ഒരു വർഷം രാജ്യത്തെ റോഡുകളിൽ ഉണ്ടായത് 53 അപകടങ്ങളാണെന്നും ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.
നിശ്ചിത വാഹനത്തിന്റെ ലൈസൻസ് ഇല്ലാതെ ഏതെങ്കിലും ലൈസൻസ് ഉപയോഗിച്ച് എല്ലാ വാഹനും ഓടിക്കാൻ ശ്രമിക്കരുത്. ലഘുവാഹന ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനം ഓടിച്ചാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന്റെ കുറ്റംതന്നെ ചുമത്തപ്പെടും. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം എടുത്ത് റോഡിലിറങ്ങുന്നത് ഗുരുതര ഗതാഗത പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന മാതാപിതാക്കളും ഗുരുതര തെറ്റാണ് ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു.
ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ സ്വദേശികൾക്ക് നിശ്ചിത പ്രായവും വാഹനമോടിക്കാനുള്ള ശാരീരികക്ഷമതയും തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുമാണ് വേണ്ടത്. വിദേശികൾക്ക് ഇതേ മാനദണ്ഡങ്ങൾക്ക് പുറമേ കാലാവധിയുള്ള താമസ തൊഴിൽ വിസയും വേണം. ഇതിന് ശേഷം റോഡ് ടെസ്റ്റിൽ വിജയിച്ചാൽ സ്വദേശികൾക്ക് 10 വർഷം കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസും വിദേശികൾക്ക് രണ്ട് വർഷത്തെ ലൈസൻസുമാണ് ലഭിക്കുക. പിന്നീട് പുതുക്കുന്ന സമയത്ത് 5 വർഷത്തെ ലൈസൻസായും ലഭിക്കും.