ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്ക് തിരിച്ചടി. വ്യാഴാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്തുകയുള്ളു. ബുധനാഴ്ച ചേർന്ന ആർ.ടി.ഒമാരുടെ യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നിർദേശം നൽകിയത്. നിലവിൽ 150 പേർക്ക് ഒരു ദിവസം ടെസ്റ്റ് നടത്താറുണ്ട്. ഇതാണ് 50ലേക്ക് ചുരുക്കിയിരിക്കുന്നത്.
എന്നാൽ ഈ അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറുകൾ തിരുത്താൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം ഇനി മന്ത്രി കണ്ട് അംഗീകാരം നൽകുന്ന സർക്കുലർ മാത്രമേ ഗതാഗത കമ്മീഷണർ ഇറക്കാവൂവെന്നും അറിയിച്ചു. അതേസമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തിൽ പങ്കെടുത്തില്ലെന്നതും ഏറെ ചർച്ചയായിരിക്കുകയാണ്.