റോഡിലെ ഹാർഡ് ഷോൾഡർ ഭാഗത്തുകൂടി വാഹനം ഓടിച്ചതിന് രണ്ട് പേർക്ക് പിഴ ചുമത്തി ദുബായ് പൊലീസ്. ഒരു ബൈക്ക് യാത്രക്കാരനും പിക്ക് അപ് ട്രക്ക് ഡ്രൈവർക്കുമാണ് പൊലീസ് പിഴ ചുമത്തിയത്.
ആംബുലൻസ്, പൊലീസ്, ഫയർ ഉൾപ്പെടെ അടിയന്തര സേവനങ്ങൾക്ക് കടന്നുപോകുന്നതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലമാണ് ഹാർഡ് ഷോൾഡർ. സാധാരണ വാഹനങ്ങൾക്ക് പോകുന്നതിനുള്ള സ്ഥലത്തെയും ഹാർഡ് ഷോൾഡർ ഭാഗത്തെയും ഒരു വരയിലൂടെയാണ് തിരിച്ചിരിക്കുന്നത്. ഈ വര മറികടന്ന് ഹാർഡ് ഷോൾഡർ ഭാഗത്തുകൂടി വാഹനം ഓടിച്ചതിനാണ് അധികൃതർ നടപടി സ്വീകരിച്ചത്.
പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ചെറിയ വാഹനങ്ങൾ ഹാർഡ് ഷോൾഡറിലൂടെ ഓടിക്കാറുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ 6 ബ്ലാക്ക് പോയിന്റും 1,000 ദിർഹം പിഴയുമാണ് ശിക്ഷയായി ചുമത്തുക.