ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലുമായി പൊലീസ്. അക്രമിയെ തടയുകയാണ് ചെയ്തതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിക്കും. എഫ്.ഐ.ആറിൽ മാറ്റം വരുത്തും. ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ മാറ്റം വരുത്തുമെന്നാണ് വിവരം. സന്ദീപ് മറ്റ് കേസുകളിൽ പ്രതിയല്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേൽക്കുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയിൽ എത്തിക്കുന്നതു വരെ പ്രകോപനം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേസിൽ ദൃക്സാക്ഷികളായ കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നടക്കും. ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി തന്നെയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തി. ഈ വീഡിയോ സന്ദീപ് സുഹൃത്തിന് അയച്ചു കൊടുത്തു. ഈ സുഹൃത്തിനേയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കും. പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകളും ഫോണിലുണ്ടോ എന്നും പരിശോധിക്കും.
എന്നാൽ സ്കൂളിൽ സന്ദീപിന്റെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് നെടുമ്പന സ്കൂൾ പ്രധാനാധ്യപിക പറയുന്നത്. മാർച്ച് 31വരെ സന്ദീപ് സ്കൂളിലെത്തിയിരുന്നുവെന്നും പെരുമാറ്റത്തിൽ അസ്വാഭാവികത ഇല്ലായിരുന്നെന്നും അധ്യാപിക വിശദീകരിക്കുന്നു. വിലങ്ങറ യു.പി സ്കൂളിലെ അധ്യാപകനായിരുന്ന സന്ദീപ് നെടുമ്പന യു.പി സ്കൂളിൽ സംരക്ഷിത അധ്യാപകനായിട്ട് 2021ലാണ് എത്തിയതെന്നും എച്ച്.എം പറഞ്ഞു.