ഏതെല്ലാം രീതിയിൽ പുരോഗമനം വന്നാലും സമൂഹം എങ്ങനെയൊക്കെ മാറിയാലും സ്ത്രീധനത്തിന്റെ തട്ട് എന്നും അൽപം താണു നിൽക്കും! സ്ത്രീയല്ല ധനം, സ്വർണ്ണത്തിനും പണത്തിനുമാണ് എന്നും വില എന്ന പരസ്യമായ രഹസ്യം ആ രീതി അങ്ങ് തുടർന്നുപോകുക തന്നെ ചെയ്യും. സ്ത്രീധന മരണ വാർത്തകൾ പൊങ്ങിവരുമ്പോൾ സ്ത്രീധനത്തെകുറിച്ച് വാതോരാതെ സംസാരിക്കുന്ന സാംസ്കാരിക സമൂഹം മാത്രമേ നമ്മുടെ ഇടയിലും ഇപ്പോഴും നിലവിലുള്ളൂ. ഉത്ര, വിസ്മയ അക്കൂട്ടത്തിൽ ഒരു പേരും കൂടി ഡോ. ഷഹന.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹനയെ (26) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്ന കുറിപ്പെഴുതിയാണ് ഷഹന ജീവനൊടുക്കിയത്. കഴിഞ്‍ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തായ ഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. ഭീമമായ സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നും ഷഹനയുടെ കുടുംബം പറയുന്നു. കൊടുക്കാൻ പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു നൽകിയിട്ടും വിവാഹം നടത്താൻ തയാറായില്ല.
150 പവൻ സ്വർണം, വസ്തു, ബിഎംഡബ്ല്യൂ കാർ എന്നിങ്ങനെയാണ് വിവാഹം നടത്താനായി സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഷഹനയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവൻ, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നു. ‘ ഇത്രയും നാൾ സ്നേഹിച്ച വ്യക്തി തന്നെ കൈവിട്ടു എന്ന കാര്യം ഷഹനയെ മാനസികമായി തകർത്തു കളഞ്ഞെന്ന് കുടുംബം ആരോപിച്ചു. അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് യുവ ഡോക്ടർ ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)