ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി അയോധ്യയിൽ എത്തിയ പ്രധാനമന്ത്രി അതിനുശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു. ജനുവരി 22ന് അയോധ്യ സന്ദർശിക്കരുതെന്ന് പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കുറച്ച് ആളുകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. അവർ ചടങ്ങിൽ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘ഭക്തന്മാരെന്ന നിലയിൽ, ഭഗവാൻ രാമന് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാൻ നമ്മൾ ആരും ആഗ്രഹിക്കുന്നില്ല. ജനുവരി 23 മുതൽ എപ്പോൾ വേണമെങ്കിലും എല്ലാവർക്കും ക്ഷേത്രത്തിലേക്ക് വരാം. രാമക്ഷേത്രം എക്കാലവും അവിടെ ഉണ്ട്’ പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല, ജനുവരി 22 ന് എല്ലാ ഇന്ത്യക്കാരും അവരുടെ വീട്ടിൽ ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനുവരി 14 മുതൽ രാജ്യത്തെ തീർഥാടന കേന്ദ്രങ്ങളിൽ ശുചിത്വ യജ്ഞം ആരംഭിക്കാനും പ്രധാനമന്ത്രി അഹ്വാനം ചെയ്തിട്ടുണ്ട്.