ദോഹ മെട്രോ പുതിയ റൂട്ടിൽ മെട്രോ ലിങ്ക് സർവിസ് പ്രഖ്യാപിച്ചു. പുതിയ റൂട്ടിൽ സർവീസ് നടത്തുന്ന ബിൻ മഹ്മൂദ് സ്റ്റേഷനിൽനിന്ന് സി റിങ് റോഡ് വഴി ഇബ്നു സീന സ്ട്രീറ്റ്, ബി റിങ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ് വഴി സഞ്ചരിക്കുന്ന എം 303 ബസിന്റെ റൂട്ട് മാപ്പ് ദോഹ മെട്രോ പങ്കുവെച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ ബസ് സർവീസ് ആരംഭിക്കുമെന്നും ദോഹ മെട്രോ അറിയിച്ചു.
അൽ ഖലീഫ് സ്ട്രീറ്റ്, ബി റിങ് റോഡ്, അൽ ബത്തീൽ സ്ട്രീറ്റ് (ഡുസിറ്റ് ഹോട്ടലിന് സമീപം), വെസ്റ്റിൻ ദോഹ, സി റിങ്ങിൽ ടർക്കിഷ് ഹോസ്പിറ്റലിന് സമീപം ഉൾപ്പെടെ 13 സ്റ്റോപ്പുകളാണ് ഉള്ളത്. അതേസമയം ദോഹ മെട്രോ റെയിൽ സർവിസുമായി ബന്ധിപ്പിച്ച് നടത്തുന്ന ലിങ്ക് ബസുകളിൽ യാത്ര സൗജന്യമായിരിക്കും. എന്നാൽ യാത്രക്കാർ കർവ ആപ് ഡൗൺലോഡ് ചെയ്ത് ക്യു.ആർ കോഡ് സ്കാൻ ചെയ്തതിന് ശേഷമാണ് യാത്ര നടത്തേണ്ടതെന്നും അധികൃതർ അറിയിച്ചു.