അക്ഷരങ്ങൾ കടലാസ് താളുകളിൽ കണ്ടുമുട്ടുമ്പോൾ അവ കഥകളായും കവിതകളായും നോവലായും ലേഖനങ്ങളായും രൂപം മാറും. പുറം ചട്ടകളിൽ മനോഹരമായ ചിത്രങ്ങൾ അകത്തളങ്ങളിലെ കണ്ടന്റുകളുടെ പ്രതിഭിംബമായി മാറും. അവയിൽ ആകൃഷ്ഠരായി വായനക്കാരുമെത്തും. വ്യത്യസ്തമായ ശൈലികൾ, കഥകൾ, സംഭവങ്ങൾ…
പുസ്തക പ്രേമികളുടെയും വായന പ്രിയരുടെയും ഉത്സവകാലമാണ് ഓരോ പുസ്തക മേളകളും. പുസ്തകങ്ങൾ സംസാരിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവുകയാണ്. ദോഹ എക്സിബിഷന് ആൻഡ് കണ്വെന്ഷന് സെന്ററിൽ മേയ് 18 വരെ വായനയെ സ്നേഹിക്കുന്നവർക്കായി പുസ്തകമേളയുണ്ടാവും. ഖത്തര്‍ സാംസ്കാരിക മന്ത്രാലയം സംഘാടകരായ മേളയിൽ ഇന്ത്യയില്‍നിന്ന് ഐ.പി.എച്ചും മേളയിൽ പങ്കെടുക്കുന്നുണ്ട്. 42 രാജ്യങ്ങളില്‍ നിന്നെത്തിയ 515 പ്രസാധകരാണ് ഇത്തവണ പുസ്തകമേളയിൽ പങ്കെടുക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് ഇവിടെ കാണാൻ കഴിയുക.
‘വിജ്ഞാനത്തിലൂടെ നാഗരികതകള്‍ കെട്ടിപ്പടുക്കുന്നു’ എന്ന ആശയം മുന്നോട്ട് വയ്ക്കുന്ന പുസ്തകമേള വരാനിരിക്കുന്ന തലമുറയെ കൂടി വിദ്യാസമ്പന്നരാക്കാനാണ് ലക്ഷ്യമിടുന്നത്. 1972ല്‍ തുടങ്ങിയ പുസ്തകോത്സവം അതിന്റെ വിജയകരമായ 33ാമത് പതിപ്പാണ് ഇന്ന് ദോഹയുടെ ഹൃദയങ്ങളിൽ അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർക്കാൻ പോകുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയിരുന്ന മേള 2002 മുതൽക്കാണ് എല്ലാവര്‍ഷവും നടത്താന്‍ തുടങ്ങിയത്. ഇത്തവണ പ്രത്യേക അതിഥി രാജ്യമായി എത്തുന്നത് ഒമാനാണ്. വെള്ളിയൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 10 മണി വരെയും, വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി 10 മണി വരെയുമാണ് പ്രവേശനം അനുവദിക്കുക. വായനയുടെ പുതിയ വാതായനങ്ങൾ തുറന്നുകൊണ്ട് ദോഹയുടെ മണ്ണ് അക്ഷരങ്ങളുടെ ലോകത്തേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.