ദോഹ ഹോർടികൾചറൽ എക്സ്പോ 2023 ന്റെ വളൻറിയർമാരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള അഭിമുഖങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ ഒമ്പത് വരെയാണ് അഭിമുഖം നടക്കുക. ആഗസ്റ്റ് ആദ്യ ആഴ്ച്ച ആരംഭിച്ച വളൻറിയർ രജിസ്ട്രേഷനിൽ നാലു ദിവസം കൊണ്ട് 50,000പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് 2200 വളൻറിയർമാരുടെ സേവനമാണ് എക്സ്പോക്ക് ആവശ്യം. ഒക്ടോബറിലാണ് എക്സ്പോ ആരംഭിക്കുക.
ഗ്രീൻ ടീം എന്നാണ് വളൻറിയർ ടീം അറിയപ്പെടുന്നത്. ഇവരെ പയനിയർ വളൻറിയർ സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുക്കുക. വളന്റിയറായി മുൻ പരിചയം, ആശയ വിനിമയ ശേഷി ഉൾപ്പെടെ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം അപേക്ഷ നൽകിയവർക്ക് തന്നെ അഭിമുഖത്തിനുള്ള സമയം ഷെഡ്യൂൾ ചെയ്യാൻ കഴിയുന്ന വിധത്തിൽലുള്ള ലിങ്ക് അഭിമുഖ അറിയിപ്പുമായി മെയിൽ ലഭിക്കുകയും ചെയ്യും.
അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ ചുമതലയും ജോലി വിശദാംശങ്ങളെ കുറിച്ചും അറിയിക്കും. ഷിഫ്റ്റ് ഷെഡ്യൂളിങ്, ട്രെയിനിങ് എന്നിവയെ കുറിച്ചും അറിയിപ്പിൽ വിശദീകരിക്കും. പരിശീലനം പൂർത്തിയാക്കിയ ശേഷമായിരിക്കും ഡ്യൂട്ടിയിലേക്ക് മാറ്റുക. ഒക്ടോബർ രണ്ടിന് തുടങ്ങി മാർച്ച് 28 വരെയായി ആറു മാസം നീണ്ടു നിൽക്കുന്ന ദോഹ എക്സ്പോയുടെ മുഴുവൻ സേവനത്തിനായി 2200 വളൻറിയർമാരെയാണ് തെരഞ്ഞെടുക്കുന്നതെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.