മാളുകൾ ആളുകളുടെ ഇഷ്ട ഇടമാണ്. അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ദുബായ് നിവാസികൾ ഓടിയെത്തുന്ന ഒരിടമുണ്ട്, ദുബായ് മാൾ. ഇവിടെയെത്തുന്നവർക്കായി അധികൃതർ ഒരുക്കിയ വിസ്മയമാണ് ദുബായ് ദൈനോ എന്ന് പേരിട്ടിരിക്കുന്ന.ഒരു കൂറ്റൻ ദൈനോസറിന്റെ അസ്ഥികൂടം. 25 അടി(7.6 മീറ്റർ) ഉയരവും 80 അടി(24 മീറ്റർ) നീളവുമുള്ള ഈ ദൈനോസറിനെ അസ്ഥികൂടം കാണാൻ നിരവധി ആളുകളാണ് ഓരോ ദിവസവും മാളിൽ എത്തുന്നത്. ദൈനോസറിനെ പ്രദർശിപ്പിച്ചതിനടുത്തായി ദൈനോയെ കുറിച്ചുള്ള ചില വിശേഷങ്ങളും സന്ദർശകർക്ക് വായിച്ചെടുക്കാം. അവയിൽ ചിലത് ഇതാ.
1. 2008ൽ അമേരിക്കയിലെ വയോമിങ്ങിലെ ദാന ക്വാറിയിൽ ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ദൈനോയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നത്. ഏകദേശം 360 ഓളം വരുന്ന മുഴുവൻ എല്ലുകളും കേടുപാട് കൂടാതെയായിരുന്നു കാണപ്പെട്ടിരുന്നത്.
2. രണ്ടു വർഷത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് ദൈനോയുടെ ഉദ്ഖനനം പൂർത്തിയാക്കാൻ സാധിച്ചത്. പിന്നീടാണ് ഇത് ദുബായിൽ എത്തിച്ചത്.
3. ഇര തേടിയും ശത്രുവിൽ നിന്ന് രക്ഷ തേടിയും എത്തുന്ന ജീവികൾ അകപ്പെട്ടു പോകുന്ന പ്രകൃതിപരമായ ഒരു കെണിയാണ് ദാന ക്വാറി. ഈ ദൈനോ ഇവിടെയുണ്ടായ വരൾച്ചയിൽ മരണപ്പെട്ടതായിരിക്കും എന്നാണ് വിദഗ്ധരുടെ നിഗമനം.
4. വാലറ്റത്തിലുള്ള എല്ലുകളിൽ ചില പരിക്കുകൾ കാണാം. ഇത് ശത്രുവുമായുള്ള ഏറ്റുമുട്ടലിൽ പറ്റിയതാകാമെന്നാണ് കണക്കാക്കപ്പെടുന്നത്. ചാട്ട കണക്കെ ശക്തമായും വേഗത്തിലും ചലിപ്പിക്കാൻ കഴിയുന്ന വാലാണ് ദൈനോയുടെ പ്രധാന ആയുധം.
5. ശരീര വലിപ്പത്തിന് വിപരീതമായി ചെറിയ തലയുള്ള ഇവയുടെ തലച്ചോറിലേക്ക് 10 മിനുട്ടിൽ ഒരിക്കൽ മാത്രം രക്തം പ്രവഹിച്ചാൽ മതിയാകും.
6. അഞ്ച് ആനകളുടെ തൂക്കം കണക്കാക്കപ്പെടുന്ന ഇവ സസ്യഭുക്കുകളായിരുന്നു. 155 ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ജുറാസിക് കാലഘട്ടത്തിലെ അവസാനക്കാറില്ല ഉൾപ്പെട്ട ഇനമായിരുന്നു ഇത്. Diplodocidae എന്നാണ് ഈ ഫാമിലി അറിയപ്പെട്ടിരുന്നത്.
ദുബായ് സന്ദർശിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട പ്രധാന കാഴ്ചയാണ് ഈ കൂറ്റൻ ദൈനോസറിന്റെ ശേഷിക്കുന്ന ശരീരം. ഒരുകാലത്ത് ഭൂമിയിൽ വിലസി നടന്നിരുന്ന ഈ ഭീമാകാരന്മാരുടെ യാഥാർഥ്യങ്ങൾ സന്ദർശകരിൽ കൗതുകം സൃഷ്ടിക്കും എന്നത് തീർച്ച. ഇത്തരത്തിൽ പഴയതിനെ പുതിയതാക്കി സന്ദർശകരുടെ മനം കവരുന്ന സൃഷ്ടികളാക്കി മാറ്റുന്നതിൽ ദുബായിലെ അധികൃതർ വഹിക്കുന്ന പങ്ക് ചെറുതല്ല.