അബുദാബിയിൽ നമ്പർ പ്ലേറ്റ് മറച്ചുവെച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ. നമ്പർ പ്ലേറ്റ് മറയ്ക്കുന്ന രീതിയിൽ സൈക്കിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ വെച്ചുകെട്ടി പോകുന്നവർക്കാണ് പിഴ ചുമത്തുക. ക്യാമറ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളിൽ പല വാഹനങ്ങളുടെയും നമ്പർ പ്ലേറ്റ് വ്യക്തമാകാത്ത സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
സൈക്കിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ വാഹനത്തിന് പിന്നിൽ വച്ചുകെട്ടുമ്പോൾ നമ്പർ പ്ലേറ്റ് വ്യക്തമാകുന്നതിനായി താൽക്കാലിക നമ്പർ പ്ലേറ്റ് വസ്തുക്കളുടെ പുറത്ത് സ്ഥാപിച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സൈക്കിൾ റാക്കിൽ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനായി അധിക നമ്പർ പ്ലേറ്റിനുള്ള ഫീസായ 35 ദിർഹം അടച്ച് ആർടിഎയുടെ വെബ്സൈറ്റിൽ അപേക്ഷ നൽകണമെന്നും നിർദേശത്തിലുണ്ട്. ദുബായ് നമ്പർ പ്ലേറ്റിനും ഷോർട്ട് എക്സ്പോ നമ്പർ പ്ലേറ്റിനും 200 ദിർഹം വീതമാണ് ചാർജായി ഈടാക്കുന്നത്.
അബുദാബിയിലെ ഏത് പൊലീസ് സ്റ്റേഷൻ സർവീസ് സെന്ററിൽ നിന്നും അധിക നമ്പർ പ്ലേറ്റ് വാങ്ങാനും സാധിക്കും. ഇതിനായി ഡ്രൈവർമാർ ഫീസ് അടയ്ക്കുന്നതിന് പുറമെ സാങ്കേതിക പരിശോധനകൾക്ക് വിധേയരാവുകയും ചെയ്താൽ നമ്പർ പ്ലേറ്റ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.