ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി 310 കോടി ദിർഹം വിതരണം ചെയ്യുമെന്ന് ദുബായ് വൈദ്യുതി, ജല അതോറിറ്റി (ദീവ) അറിയിച്ചു. 2023ലെ ആദ്യ ആറ് മാസത്തെ ലാഭത്തിൽ നിന്നാണ് ഈ തുക നൽകുന്നത്. ഓരോ ഓഹരിക്കും 6.2 ഫിൽസ് വീതമാണ് ലഭിക്കുക. ദുബായ് സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി വഴി ഒക്ടോബർ 26നാണ് ഡിവിഡന്റുകൾ ലഭ്യമാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ 18ന്റെ റെക്കോഡ് അനുസരിച്ചാണ് ലാഭവിഹിതം വിതരണം ചെയ്യുന്നത്. ദീവയുടെ 2023 രണ്ടാം പാദത്തിലെ വരുമാനം 730 കോടി ദിർഹവും ഇതിൽ അറ്റാദായം 198 കോടി ദിർഹവുമാണ്. 2023ന്റെ ആദ്യ പകുതിയിൽ ആകെ വരുമാനം 1,270 കോടി ദിർഹവും അറ്റാദായം 270 കോടി ദിർഹവുമായിരുന്നു. ഈ വർഷം ഒന്നാം പകുതിയുടെ അവസാനത്തോടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള നെറ്റ് കാഷ് 83.7 കോടി ദിർഹം വർധിച്ച് 540 കോടി ദിർഹമായതായി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.