അൽ ഫഹിദി, ബർ ദുബായ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദേര ഓൾഡ് സൂഖ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.).
ടൂറിസ്റ്റ് മേഖലയുൾപ്പെടെ വിവിധ മേഖലകളിൽ ദുബായ് യുടെ വികസനത്തിന് പ്രോത്സാഹനം നൽകുന്ന സമുദ്രഗതാഗത സേവനങ്ങളും സൗകര്യങ്ങളും നവീകരിക്കാനുള്ള ആർടിഎയുടെ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ് ഈ പദ്ധതി. പഴയ ബലദിയ റോഡ്, ഗോൾ സൂഖ് പ്രദേശങ്ങളിലുള്ളവർക്ക് സ്റ്റേഷനിലൂടെ മികച്ച യാത്രാസേവനങ്ങൾ ലഭിക്കും. പ്രാരംഭ ഘട്ടത്തിൽ ബർ ദുബായ് മോഡൽ സ്റ്റേഷന് സമാനമായ നവീകരണമാണ് ദേര ഓൾഡ് സൂഖ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിലും നടത്തിയതെന്ന് ആർ.ടി.എ.യിലെ പൊതു ഗതാഗത ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്രോസിയാൻ പറഞ്ഞു.
ഉപയോക്താക്കൾക്ക് സൗകര്യങ്ങൾ നൽകുക, കാത്തിരിപ്പ് കേന്ദ്രങ്ങൾ വികസിപ്പിക്കുക, അബ്രാ റൈഡറുകൾക്ക് സേവനം നൽകുന്നതിന് റീട്ടെയിൽ ഔട്ട്ലെറ്റുകൾ സൃഷ്ടിക്കുക എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി സ്റ്റേഷന്റെ ശേഷി 15 ശതമാനവും വരുമാനം 27 ശതമാനമായും വർധിച്ചു.