ദുബായ് നഗരത്തിന്റെ വളർച്ചയ്ക്ക് നിശ്ശബ്ദ സാക്ഷിയായ ചരിത്ര പ്രസിദ്ധമായ ദേര ക്ലോക്ക് ടവറിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദുബായുടെ ഭാവി സാമ്പത്തിക, നഗരവികസന പദ്ധതികളുടെ ഭാഗമായായിരുന്നു നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മേയിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ക്ലോക്ക് ടവറിന്റെ നവീകരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. നിലവിൽ ടവറിന് ചുറ്റുമുള്ള റൗണ്ട് എബൗട്ടിന്റെ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൂന്തോട്ടം മനോഹരമാക്കുക, നിലത്ത് പുതിയ കല്ലുകൾ പതിക്കുക, ബഹുവർണ വെളിച്ച സംവിധാനം ഒരുക്കുക, ഫൗണ്ടേഷൻ പുതുക്കുക എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ള നവീകരണ പ്രവർത്തനങ്ങൾ.
ദുബായ് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.1963ൽ നിർമിച്ച ക്ലോക്ക് ടവർ ഉമ്മു ഹുറൈർ സ്ട്രീറ്റിനും ആൽ മക്തൂം സ്ട്രീറ്റിനും ഇടയിലെ കവലയിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ നഗരത്തിലെ പ്രധാന ലാൻഡ്മാർക്കുകളെല്ലാം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ക്ലോക്ക് ടവറിനും പുതുമോടി വരുത്താൻ തീരുമാനിച്ചതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.