റിലീസിനു മുമ്പേതന്നെ നായികയുടെ ബിക്കിനിയിൽപ്പെട്ട് വിവാദത്തിലായ ചിത്രമാണ് ‘പഠാൻ’. ഹിന്ദു ദൈവങ്ങളുടെ നിറമാണ് കാവിയെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണ് നടിയുടെ കാവി നിറത്തിലുള്ള ബിക്കിനിയെന്നുമായിരുന്നു സംഘപരിവാർ കേന്ദ്രങ്ങളുയർത്തിയ വാദം.
ഇപ്പോൾ ദീപിക ഈ വിവാദത്തോട് പ്രതികരിക്കുകയാണ്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറയുന്നത്. ‘വിവാദങ്ങളെല്ലാം ഉണ്ടായപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്. വിവാദങ്ങൾ ഉണ്ടായപ്പോൾ സത്യം പറഞ്ഞാൽ എനിക്കൊന്നും തോന്നിയില്ലെന്നും’, നടി പറഞ്ഞു.
ദീപികയ്ക്ക് ഇതിനു മുമ്പും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ജെഎൻയു സമരത്തിൽ പങ്കെടുത്തതും റാണി പത്മാവതിയായി എത്തിയ ചിത്രം ‘പത്മാവതി’നെതിരെയും രൂക്ഷ വിമർശനങ്ങളാണ് ദീപിക അഭിമുഖീകരിച്ചത്.