ഇന്ത്യന്‍ ദേശീയോത്സവമായ ദീപാവലിയെ വരവേൽക്കാനൊരുങ്ങി ദുബായും. ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്നു ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആന്റ് ടൂറിസം വകുപ്പാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 14 മുതൽ 28വരെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. 24നാണ് ദീപാവലി.
ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തിന്റെ അടയാളമായാണ് ദുബായിലും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് പിന്നിലെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി വ്യക്തമാക്കി. തിന്‍മയെന്ന ഇരുട്ടിനെ പരാജയപ്പെടുത്തുന്ന വെളിച്ചത്തിന്റെ ഉത്സവും ലോകത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഘോഷങ്ങളുടെ ഭാഗമായി വ്യാപരമേളകളും കരിമരുന്നു പ്രയോഗങ്ങളുമാണ് സംഘടിപ്പിച്ചിട്ടുളളത്. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക സമ്മാന പദ്ധതികളും ആരംഭിക്കും. ഭാഗ്യശാലികളെ കണ്ടെത്താന്‍ വിവിധ തരത്തിലുളള നറെക്കെടുപ്പുകളും വിപുലമായ സമ്മാന പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രവാസികളേയും ദീപാവലി ആഘോഷങ്ങളേയും ലക്ഷ്യമിട്ട് വിവിധ മാളുകളും ഒരുക്കങ്ങൾ നടത്തുകയാണ്. ദുബായ് ഗ്ലോബൽ വില്ലേജിൽ 25 മുതൽ ആഘോഷത്തിന്റെ രാവുകളും നടക്കും. സംഗീത നിശകളും വെടിക്കെട്ടും ആഘോഷങ്ങൾക്ക് മാറ്റേകും.