ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്. കോടതി അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നുമാണ് റിപ്പോർട്ട്.
മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാർക്കാണ് കോർട്ട് ഓഫ് ഫസ്‌റ്റ് ഇൻസ്റ്റൻസ് വധശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്‌ത, അമിത് നാഗ്‌പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ശിക്ഷ വിധിച്ചിരുന്നത്. ചാരവൃത്തിക്കുറ്റത്തിന് കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 30-ന് രാത്രിയിലായിരുന്നു ഖത്തറിന്റെ രഹസ്യാന്വേഷണ വിഭാഗം വീടുകളിൽ നിന്ന് ഇവരെ പിടികൂടിയത്.
8 പേരും ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആന്റ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്. ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമ്മിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിന് ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്‌മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം. നജ്‌മിക്ക് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഇന്ത്യക്കാരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.