യുഎഇയിലെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയാക്കാത്തവരാണോ നിങ്ങൾ. എങ്കിൽ വലിയ പിഴ തുകയാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാജ്യത്ത് ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ എത്രയും വേഗം കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ നടത്തണമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹമാണ് പിഴയായി ചുമത്തുക. നികുതി നിയന്ത്രണങ്ങൾ അനുസരിക്കാൻ നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെയും ഭാഗമായാണ് പിഴ ചുമത്തിയത്.
കോർപ്പറേറ്റ് ടാക്സ് നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് ഫെഡറൽ ടാക്സ് അതോറിറ്റി ചുമത്തുന്ന പിഴകൾ 2023 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ 2024 മാർച്ച് 1 മുതൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കാനാണ് തീരുമാനം. യുഎഇയിലെ കോർപ്പറേറ്റ് നികുതി നിയമം അനുസരിച്ച് 3,75,000 ദിർഹത്തിൽ കൂടുതലുള്ള നികുതി വരുമാനത്തിന് 9 ശതമാനമാണ് കോർപ്പറേറ്റ് നികുതി നിരക്ക്.