എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഉറ്റവരെ അവസാനമായി ഒരുനോക്കുകാണാനാവാതെ മരിച്ച പ്രവാസി നമ്പി രാജേഷിനെ ഓർമ്മയില്ലേ…ഒമാനിൽവെച്ച് മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോയി.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ ഒരു നോക്ക് കാണാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യയായ അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ ഒമാനിൽ എത്തിപ്പെടാൻ അമൃതയ്‌ക്ക് കഴിഞ്ഞില്ല. പിന്നാലെ ഭാര്യയെ ഒരു നോക്ക് കാണാനാകാതെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്. കരമന സ്വദേശിയാണ് രാജേഷ്. കരമനയിലെ വീട്ടിൽ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. മസ്‌ക്കത്തിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്.