മുകേഷ് അംബാനി മകൻ്റെ വിവാഹത്തിന് 5000 കോടി മുടക്കിയത് വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്. എന്നാൽ മരുകമൾ വീട്ടീലെത്തിയതോടെ അയ്യായിരത്തിൻ്റെ അഞ്ചിരട്ടി ഭാഗ്യവും അംബാനി കുടുംബത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഒന്നും രണ്ടുമൊന്നുമല്ല, വെറും 10 ദിവസം കൊണ്ട് അംബാനിയുടെ ആസ്തിയിൽ 25000 കോടിയുടെ (ഏകദേശം 3 ബില്യൺ ഡോളർ) നേട്ടമുണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരികളുടെ മികച്ച പ്രകടനമാണ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായ വർധനവിന് കാരണം.
ജൂലൈ 5ന് അംബാനിയുടെ ആസ്തി 118 ബില്യൺ ഡോളറായിരുന്നുവെന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചിക പറയുന്നു. ജൂലൈ 12 ആയപ്പോഴേക്കും ഇത് 121 ബില്യൺ ഡോളറായി ഉയർന്നു. വിവാഹദിനത്തിൽ റിലയൻസ് ഓഹരികളിൽ 1% വർധനവുണ്ടായെന്നാണ് കണക്കുകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികൾ 6.65% വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ലോകത്തെ മുൻനിര ശതകോടീശ്വരന്മാരിൽ ഒരാളെന്ന നിലയിൽ അദ്ദേഹത്തിൻ്റെ സ്ഥാനം മെച്ചപ്പെടുന്നതിനും ഓഹരി വർദ്ധനവ് ഇടയാക്കി. ആഗോള സമ്പത്ത് റാങ്കിംഗിൽ മുകേഷ് അംബാനി 12-ാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്ക് ഉയർന്നു. ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായും അദ്ദേഹം തുടരുകയാണ്.