ലോകകപ്പ് നടക്കുന്ന സമയത്ത് ഖത്തറിലെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണമെന്ന് അധികൃതർ. ആറ് വയസിന് മുകളിലുള്ളവർക്കാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യം.
ഹയ്യാ കാർഡുമായി ഖത്തറിൽ വരുന്നവർ യാത്രയ്ക്ക് 48 മണിക്കൂറിന് ഇടയിലുള്ള കൊവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലമോ 24 മണിക്കൂറിന് ഇടയിലുള്ള ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവ് ഫലമോ ഹാജരാക്കണം. വിമാനത്താവളത്തിലെ കൗണ്ടറിൽ ഈ പരിശോധനാഫലം കാണിക്കണം. ഖത്തറിലേക്ക് വരുന്നവർക്ക് ക്വാറൻ്റൈൻ ഇല്ല. വാക്‌സിൻ സ്വീകരിച്ചുവെന്നതൊരു മാനദണ്ഡമല്ല.
ഖത്തറിൽ എത്തുന്ന 18 വയസ് പൂർത്തിയായ എല്ലാവരും ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്നും യാത്രാ നയം നിർദേശിക്കുന്നുണ്ട്. വാക്‌സിൻ നിർബന്ധമല്ലെങ്കിലും എല്ലാവരും വാക്‌സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു. ഖത്തറിലെത്തിയ ശേഷം കൊവിഡ് പരിശോധനയില്ലാത്തതിനാൽ ലക്ഷണങ്ങൾ കാണിക്കുന്നവരിൽ പരിശോധന നടത്തി കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞാൽ പ്രോട്ടോക്കോൾ പ്രകാരം ഐസൊലേഷനിൽ പോകണം. ഖത്തറിൽ നിന്നും തിരിച്ചുപോകാൻ കൊവിഡ് പരിശോധന ആവശ്യമില്ല.