കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ സാരമായി ബാധിച്ചു. ഓണം ആഘോഷിക്കാനുള്ള പഴം-പച്ചക്കറി വര്‍ഗങ്ങളുടെ കയറ്റുമതിയെയാണ് കൂടുതൽ സാരമായി ബാധിച്ചത്. കൂടാതെ വലിയ കാർഗോ വിമാനങ്ങൾ കരിപ്പൂരിൽ നിന്നും സർവീസ് ഇല്ലാത്തതും കയറ്റുമതിയ്ക്ക് വെല്ലുവിളിയാവുന്നുണ്ട്. സ്കൂള്‍ അവധി കഴിഞ്ഞ് തുറക്കുന്നതിനാല്‍ തിരികെപ്പോകുന്ന യാത്രക്കാരുടെ തിരക്ക് കാരണം വിമാനങ്ങളില്‍ കയറ്റുമതി സാധിക്കാത്തതാണ് കയറ്റുമതി മതിയായ രീതിയിൽ നടക്കാത്തത്തിന്റെ പ്രധാന കാരണം.
ഇരുന്നൂറില്‍ താഴെ യാത്രക്കാരെ വഹിക്കുന്ന വിമാനങ്ങളില്‍ കൂടുതല്‍ അളവില്‍ ചരക്ക് കയറ്റുന്നത് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് മൂലം ഇതുവഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ വലിയ തോതിൽ കയറ്റുമതി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇതിന്റെ പകുതി പോലും ഇല്ലെന്നാണ് ഈ രംഗത്തെ കയറ്റുമതി ഏജൻസികൾ വ്യക്തമാക്കുന്നത്.
അതേസമയം കണ്ണൂരിൽ നിന്ന് ഈയിടെ കാർഗോ വിമാനങ്ങൾ സർവിസ് തുടങ്ങിയത് മലബാർ മേഖലയിലെ കർഷകർക്കും ഏജൻസികൾക്കും കുറച്ച് ആശ്വാസം നൽകിയിട്ടുണ്ട്. എന്നാൽ പച്ചക്കറിയുടെ ദൗര്‍ലഭ്യവും കാര്‍ഗോ കയറ്റുമതിയിലെ അമിത ചാര്‍ജും നിയന്ത്രണവും കയറ്റുമതി ഏജന്‍സികളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.