ലോകത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങളുള്ള നഗരമാണ് ദുബായ്. ഇപ്പോഴിതാ ദുബായിൽ രണ്ട് അതിനൂതന ഗതാഗത സംവിധാനങ്ങൾ കൂടി വരുന്നു. ഫ്ലോക്ക് ഡ്യൂയോ റെയിൽ, സോളാർ റെയിൽ ബസ് എന്നിങ്ങനെയുള്ള രണ്ട് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്റെ തയാറെടുപ്പിലാണ് ദുബായ്. ഇതിന്റെ ഭാഗമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) യു.എസ്, യു.കെ ആസ്ഥാനമായ കമ്പനികളുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു.
സോളാർ പാനൽ പതിപ്പിച്ച പാലത്തിലൂടെ സൗരോർജം ഉപയോഗിച്ച് യാത്രക്കാരെ കൊണ്ടുപോകുന്ന യാത്രാ സംവിധാനമാണ് സോളാർ റെയിൽ ബസ്. അതേസമയം മുകളിലും താഴെയുമുള്ള ട്രാക്കിലൂടെ നഗരത്തിന് ചുറ്റും നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പോഡ് സംവിധാനാണ് ഫ്ലോക്ക് ഡ്യൂയോ ട്രാക്ക് റെയിൽ. ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര പ്രോജക്ട് മാനേജ്മെന്റ് ഫോറത്തിലാണ് അതിനൂതനമായ പുതിയ യാത്രാസംവിധാനങ്ങൾ വികസിപ്പിക്കാൻ ദുബായ് ആർ.ടി.എ ധാരണപത്രങ്ങൾ ഒപ്പിട്ടത്.
യു.കെയിലെ അർബൻ മാസ് കമ്പനിയാണ് ഫ്ലോക്ക് ഡ്യൂയോ റെയിൽ സംവിധാനം വികസിപ്പിക്കുന്നത്. അമേരിക്കൻ കമ്പനിയായ റെയിൽ ബസ് ഇൻകോർപറേഷനാണ് സോളാർ റെയിൽ ബസ് വികസിപ്പിക്കാനുള്ള ചുമതല. കാർബൺ വികിരണമില്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് നൂതന പദ്ധതിക്ക് രൂപം നൽകുന്നത്. ആർ.ടി.എ റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മുഹ്സിൻ കൽബാത്, യു.എസിലെ റെയിൽ ബസ് കമ്പനി ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ഡോ. ഹാതിം അൽ താഹിർ ഇബ്രാഹീം,യു.കെ ആസ്ഥാനമായ അർബൻ മാസ് കമ്പനി സി.ഇ.ഒ റിക്കി സന്ധു, എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.