ഒമാനിൽ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് പുതിയ മാർഗനിർദേശവുമായി ഒമാൻ. ഉപഭോക്താക്കൾ പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് നൽകണമെന്നാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം അറിയിച്ചത്. ഡിസംബർ ആറ് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
സിലിണ്ടറിന്റെ തരം, ശേഷി, വലിപ്പം എന്നിവ അനുസരിച്ചായിരിക്കും ഇൻഷുറൻസ് തുക നിശ്ചയിക്കുന്നത്. അഞ്ചിനും 30 റിയാലിനും ഇടയിലായിരിക്കും ഇൻഷുറൻസ് തുക നൽകേണ്ടിവരിക. സിലിണ്ടർ തിരിച്ച് കൊടുക്കുമ്പോൾ ഉപഭോക്താവിന് ഇൻഷുറൻസ് തുകയും തിരികെ ലഭിക്കും. എന്നാൽ സിലിണ്ടർ നഷ്ടപ്പെടുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്‌താൽ ഇൻഷുറൻസ് തുക തിരികെ ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എൽപിജി സിലിണ്ടറുകൾ നിറക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസ് നിർബന്ധമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. 1,000 റിയാൽ വരെ പിഴ, ലൈസൻസ് സസ്പെന്റ് ചെയ്യുക തുടങ്ങിയ നടപടികളാണ് നിയമ ലംഘകർക്കെതിരെ ചുമത്തുക. ക്രമക്കേടുകൾ തുടർന്നാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.