ഉപ്പ് ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. അമിതമായ ഉപ്പ് ഉപഭോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ബോധവത്കരണ കാമ്പൈയിൻ്റെ ഭാഗമായാണ് മുന്നറിയിപ്പ്. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനായി ആളുകളെ പ്രേരിപ്പിക്കുകയാണ് കാമ്പൈൻ്റെ മുഖ്യലക്ഷ്യം.
ദിവസം അഞ്ച് ഗ്രാമിലധികം ഉപ്പ് ഉപയോഗിക്കരുതെന്നാണ് ആരോഗ്യമന്ത്രാലയം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഹോട്ടലുകളിലെ മയോണൈസ്, കച്ചെപ്പ്, വെളുത്തുളളി പെയിസ്റ്റ്, സോസ്, സൂപ്പ്, ബോട്ടിലുകളിലെ പാനീയങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണം. ഉപ്പ് കുറഞ്ഞ പാചകരീതികൾ പരീക്ഷിക്കാൻ തയ്യാറാകണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
ഉപ്പിൻ്റെ അമിത ഉപയോഗം ആരോഗ്യത്തെ തകർക്കുന്നത് എങ്ങനെയെന്നും മന്ത്രാലയം വിശദീകരിച്ചു. അമിതമായ ഉപ്പിൻ്റെ ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങൾ, രക്തചംക്രമണ പ്രശ്നങ്ങള്‍, പക്ഷാഘാതം എന്നിവയ്ക്ക് വഴിയൊരുക്കും.
നമ്മുടെ 99 ശതമാനം ഭക്ഷണവും ഉപ്പ് അടങ്ങിയതാണ്. ഉപ്പിന് പുറമേ ഭക്ഷണ പദാർത്ഥങ്ങളിലെ മറ്റ് ലവണങ്ങളെക്കുറിച്ചും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. കടൽ വെള്ളം ശുദ്ധീകരിച്ചെത്തുന്ന വെളളത്തിൽ സോഡിയത്തിൻ്റെ അളവ് കൂടാൻ ഇടയുണ്ടെന്നും ഭക്ഷണം വാങ്ങുന്നതിന്നു മുമ്പ് ലേബലുകള്‍ വായിക്കണമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
യൂണിയന്‍ കോപ്പ്, ചോയിത്രംസ്, ലിവഗേറ്റ്, അജ്മാന്‍ മാര്‍ക്കറ്റ്സ് തുടങ്ങി വിവിധ പങ്കാളികളുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടി. ക്ലിക്കോണിൻ്റെ സഹായത്തോടെ വീഡിയോ പ്രചാരണം നടത്തും. ഓണ്‍ലൈനില്‍ ബോധവത്കരണ ശില്‍പശാലകള്‍ നടത്തുമെന്നും ഹെല്‍ത്ത് പ്രമോഷന്‍ വകുപ്പ് ഡയറക്ടര്‍ നൗഫ് ഖമീസ് അല്‍ അലി വ്യക്തമാക്കി.