വാണിജ്യ ഗതാഗത മേഖലയിൽ വൻ വളർച്ച കൈവരിച്ച് ദുബായ്. കഴിഞ്ഞ വർഷം എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയിൽ 16.1 ശതകോടി ദിർഹത്തിന്റെ സംഭാവനയാണ് വാണിജ്യ ഗതാഗത മേഖല കൂട്ടിച്ചേർത്തതെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പ്രത്യക്ഷമായി 8.5 ശതകോടി ദിർഹത്തിന്റെയും പരോക്ഷമായി 7.6 ശതകോടി ദിർഹത്തിന്റെയും നേട്ടമാണ് ഈ മേഖലയിൽ ഉണ്ടായത്. 2021-മായി താരതമ്യം ചെയ്യുമ്പോൾ ഈ രംഗത്ത് 26 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
ആർടിഎയുടെ നിയന്ത്രണത്തിലുള്ള ചരക്ക് വാഹനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടാക്കിയ വരുമാനം 1610 കോടി ദിർഹമാണ്. 7000 കമ്പനികളിലായി 2.42 ലക്ഷം പേർ ജോലി ചെയ്യുന്ന മേഖലയാണ് ലോറിയും ട്രക്കും ഉൾപ്പെടുന്ന ചരക്ക് വാഹനങ്ങളുടേത്. റജിസ്റ്റർ ചെയ്ത 7000 കമ്പനികൾക്ക് കീഴിൽ 3 ലക്ഷം വാഹനങ്ങൾ ഓടുന്നുണ്ട്. 2021ലെ വാഹനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം 16 ശതമാനം വളർച്ചയുണ്ട്. ദുബായുടെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായി ചരക്ക് ഗതാഗത മേഖല മാറിയെന്നും വാണിജ്യ ഗതാഗത മേഖല ഇ-കൊമേഴ്സ് വഴി കഴിഞ്ഞ രണ്ട് വർഷമായി സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതായും ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.
ചരക്ക് വാഹനങ്ങളുടെ സഞ്ചാരവും പ്രവർത്തനങ്ങളും സുഗമമാക്കാൻ കൂടുതൽ പരിഷ്കാരങ്ങൾ ആർടിഎ നടപ്പിലാക്കും. റോഡ് സുരക്ഷ, മറ്റു വാഹനങ്ങളുടെ സുഗമമായ സഞ്ചാരം, തിരക്കേറിയ സമയത്ത് ചരക്ക് വാഹനങ്ങൾക്ക് നിരോധനം, ചരക്ക് വാഹനങ്ങൾക്കും ഡ്രൈവർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ പരിഷ്കാരങ്ങളാണ് നടപ്പിലാക്കുക. സ്വകാര്യ മേഖലയുമായി സഹകരിച്ച് ട്രക്കുകൾ നിർത്തിയിടാനും ഡ്രൈവർമാർക്ക് വിശ്രമിക്കാനുമുള്ള കേന്ദ്രങ്ങളും ഒരുക്കും. 500 ട്രക്കുകൾ നിർത്തിയിടാൻ ശേഷിയുള്ളതാണ് വിശ്രമ കേന്ദ്രങ്ങൾ. 16 വിശ്രമ കേന്ദ്രങ്ങളാണ് ഒരുക്കുന്നത്.