യുഎഇയിൽ സ്വകാര്യ ട്യൂഷനുകൾക്ക് വർക്ക് പെർമിറ്റ് നേടുന്നവർ സ്വന്തം സ്കൂളുകളിലെ വിദ്യാർഥികൾക്ക് തന്നെ ട്യൂഷൻ എടുക്കരുതെന്ന് നിർദ്ദേശം. സ്വകാര്യ ട്യൂഷനുകൾക്ക് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടത്തിലാണ് മാനവ വിഭവ ശേഷി, സ്വദേശി വത്കരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ ഡിസംബർ മുതൽ യോഗ്യരായ അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ പെർമിറ്റിനായി അപേക്ഷിക്കാൻ അവസരം ലഭിച്ചിരുന്നു.
വിദ്യാർഥികളെ വാക്കാലോ ശാരീരികമായോ ശിക്ഷിക്കരുത്, രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം, രാജ്യത്തെ നിയമങ്ങളോടും സംസ്കാരത്തോടും യോജിക്കാത്തതോ തീവ്രവാദപരമോ മറ്റോ ആയ ആശയങ്ങൾ കുട്ടികളെ പഠിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങളും പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് റൂമിന് പുറത്ത് അധ്യാപകർ അനധികൃതമായി വിദ്യാർഥികൾക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയുകയും പഠനനിലവാരം മെച്ചപ്പെടുകയുമാണ് പെരുമാറ്റച്ചട്ടത്തിൻ്റെ ലക്ഷ്യം.
രജിസ്റ്റർ ചെയ്ത അധ്യാപകർ, വിവിധ മേഖലകളിലെ അധ്യാപനത്തിന് യോഗ്യരായ ജീവനക്കാർ, തൊഴിൽ രഹിതർ, 15 മുതൽ 18 വരെ പ്രായമുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവർക്ക് പെർമിറ്റിന് അപേക്ഷിക്കാനാകും. രണ്ടുവർഷത്തേക്കാണ് പെർമിറ്റ് അനുവദിക്കുക. സൗജന്യമായാണ് പെർമിറ്റ് നൽകുന്നത്. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി അപേക്ഷ സമർപ്പിക്കാനാകും.
മന്ത്രാലയം അംഗീകരിച്ച പെരുമാറ്റച്ചട്ടം അടങ്ങിയ രേഖയിൽ ഒപ്പിട്ടു നൽകിയാൽ അഞ്ച് ദിവസത്തിനകം പെർമിറ്റ് അനുവദിക്കും. ഏതെങ്കിലും കാരണത്താൽ അപേക്ഷ നിരസിക്കപ്പെട്ടാൽ ആറു മാസത്തിനുശേഷം വീണ്ടും അപേക്ഷിക്കാം. ഓൺലൈൻ ട്യൂഷനുകൾക്കും പെർമിറ്റ് അനിവാര്യമാണ്.