ബാറ്ററി രംഗത്ത് പുതിയ തരംഗതീർക്കാനൊരുങ്ങുകയാണ് ചൈനയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഒറ്റച്ചാർജ്ജിങ്ങിൽ 50 വർഷത്തേക്കുളള വൈദ്യുതി ശേഖരിച്ച് വയ്ക്കാനാകുമെന്നാണ് വിശദീകരണം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീറ്റാവോള്‍ട്ട് എന്ന കമ്പനിയാണ് റേഡിയോ ന്യൂക്ലിയര്‍ ബാറ്ററിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു നാണയത്തേക്കാള്‍ ചെറിയ മോഡ്യൂളിലേക്ക് 63 ഐസോടോപ്പുകളെ സംയോജിപ്പിച്ചാണ് ബാറ്ററിയുടെ നിർമ്മാണം. 15 x 15 x 5 മില്ലിമീറ്റര്‍ ആണ് ബാറ്ററിയുടെ വലിപ്പം. മെഡിക്കല്‍ ഉപകരണങ്ങള്‍, എയറോസ്പേസ്,എഐ സെന്‍സറുകള്‍, ചെറു ഡ്രോണുകള്‍, മൈക്രോ റോബോട്ടുകള്‍ തുടങ്ങി ഒട്ടനേകം മേഖലകളിൽ തടസ്സമില്ലാത്ത ഊര്‍ജ്ജവിതരണത്തിന് ആണവോര്‍ജ്ജ ബാറ്ററികൾ ഉപകാരപ്പെടുമെന്ന് ബീറ്റാവോള്‍ട്ട് പറയുന്നു.
ആദ്യമായാണ് ഇത്രയും ചെറിയ ആണവോര്‍ജ്ജ സംവിധാനം ഉപയോഗപ്പെടുത്തി ന്യൂക്ലിയര്‍ ബാറ്ററി നിര്‍മിക്കപ്പെടുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. നിലവില്‍ 3 വോള്‍ട്ടില്‍ 100 മൈക്രോവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കാനാവുക. ഒരു വർഷത്തിനികം ബാറ്ററിയുടെ ക്ഷമത 1 വാട്ട് ആയി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. 60 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 120 ഡിഗ്രിവരെ താപനിലയില്‍ ബാറ്ററിയ്ക്ക് പ്രവര്‍ത്തിക്കാനാവുമെന്നും പൊട്ടിത്തെറിക്കുമെന്ന ഭയമൊ റേഡിയേഷൻ ഭീഷണിയോ വേണ്ടെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
എന്തായാലും ബാറ്ററിയുമായി ബന്ധപ്പെട്ട തുടർ പരിശോധനകൾ നടക്കുകയാണ്. ബീറ്റാവോൾട്ടിൻ്റെ കണ്ടുപിടുത്തം വിജയകരമാണെന്ന് തെളിഞ്ഞാൻ ടെക്നോളജി മേഖലയിൽ പുത്തൻ കുതിപ്പാകും ഉണ്ടാവുക. പരീക്ഷണാടിസ്ഥാനത്തിൽ പ്രദർശനം നടത്തിയ ബാറ്ററിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചാൽ മാത്രമേ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിക്കാനാവൂ.