പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എട്ട് മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നൽകിയ ശേഷം കുഞ്ഞിൻറെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് വഴിവച്ചതെന്നാണ് കുടുംബത്തിൻറെ ആരോപണം. കോട്ടയം പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും ജോൻസിയുടെയും മകൻ ജോഷ് എബി ആണ് മരിച്ചത്.
സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജിൻറെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി.
മെയ് 11 നാണ് പനിയെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും പൂർണമായി രോഗം ശമിക്കാഞ്ഞതിനെ തുടർന്ന് മെയ് മാസം 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇൻഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇൻജക്ഷൻ കുത്തിവച്ചു. ഈ മരുന്ന് കുത്തിവച്ചാൽ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല എന്നാണ് ആരോപണം.
കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന കുഞ്ഞിൻറെ അമ്മയുടെ മാതാപിതാക്കൾ ബഹളം വച്ചപ്പോൾ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടർമാരും നഴ്സുമാരും കുഞ്ഞിൻറെ ആരോഗ്യനില മോശമായെന്നറിഞ്ഞതെന്നും കുടുംബം പറയുന്നു.