തലശേരിയിൽ കാറിൽ ചാരി നിന്ന ആറുവയസുള്ള ബാലനെ ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. കുട്ടിയെ മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിഞ്ചുബാലനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഗണേഷ് എന്ന കുട്ടിക്ക് മർദ്ദനത്തിൽ നടുവിന് സാരമായി പരിക്കേറ്റു. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് ക്രൂരപ്രവർത്തി ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ ആയിട്ടും കേസെടുക്കാനോ ആരോപണ വിധേയനെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായില്ല.
സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പ്രതി ശിഹ്ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ അറസ്റ്റും രേഖപ്പെടുത്തും. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നാണ് ആരോപണം.
കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകനാണ് ഗണേഷ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തപ്പോൾ കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഇയാളുടെ ന്യായീകരണം. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും, പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ശിഹ്ഷാദിനെ വിട്ടയച്ച പൊലീസ്, ഇന്ന് രാവിലെ എട്ടിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചു. സമീപത്തെ പാരലല്‍ കോളേജിന്റെ സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചതോടെ സംഭവം മാധ്യമങ്ങളിൽ വാര്‍ത്തയായി. തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്പിയടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ശിഹ്ഷാദും കുടുംബവും നഗരത്തില്‍ എത്തിയത്. കാറില്‍ കുട്ടി ചാരി നിന്നത് ഇയാള്‍ക്ക് ഇഷ്ടപ്പെടാത്തതാണ് മര്‍ദ്ദനത്തിന് കാരണം. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും ഇടപെട്ടു.