അർബുദത്തോട് പൊരുതി ജീവിക്കുന്നവർ എന്നും മാതൃകയാണ്. എന്നാൽ രോഗ മുക്തി നേടി ദൈനംദിന ജീവിതം സന്തോഷകരമാക്കാൻ പലർക്കും സാധിക്കാറില്ല. അത്തരത്തിൽ രോഗത്തോട് പോരാടുന്നവർക്ക് എന്നും കൈത്താങ്ങാണ് ഖത്തർ കാൻസർ സൊസൈറ്റി. അർബുദത്തിനെതിരായ ശക്തമായ പോരാട്ടത്തിൽ ലോകത്തിന് മാതൃകയായിരിക്കുകയാണ് ഖത്തർ കാൻസർ സൊസൈറ്റിയുടെ പ്രവർത്തനം.
കഴിഞ്ഞ വർഷം രാജ്യത്തെ 1360 അർബുദ രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി 1.27 കോടി റിയാൽ ചെലവഴച്ചതായി ക്യു.സി.എസ് ചെയർമാൻ ഡോ. ഖാലിദ് ബിൻ ജബർ ആൽഥാനി അറിയിച്ചു. നാഷണൽ സെൻറർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ചിലെ രോഗികൾക്കും സിദ്റ മെഡിസിനിലെ കുട്ടികൾക്കുമാണ് ക്യു.സി.എ ചികിത്സക്കായി ധനസഹായം വിതരണം ചെയ്തത്.
കാൻസർ രോഗികൾക്ക് സമഗ്ര പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചികിത്സാ സഹായം നൽകുന്നത്. മാത്രമല്ല, ആഗോള തലത്തിൽ രാജ്യത്തിന്റെ അർബുദ പോരാട്ടത്തിലും നിർണായക സാന്നിധ്യമായി ക്യു.സി.എ മാറിയിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടി നൽകുന്ന സാമ്പത്തിക സഹായത്തിന് പുറമേ രോഗികൾക്കും കുടുംബങ്ങൾക്കും സൊസൈറ്റി നൽകുന്ന മാനസിക പിന്തുണയെയും ഡോ. ഖാലിദ് പരാമർശിച്ചു. സമൂഹത്തിൽ അർബുദ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കി അവർക്ക് ആശ്വാസവും രോഗമുക്തിയും നൽകുക, തുടർന്നുള്ള ജീവിതത്തിൽ അവരെ ശാക്തീകരിക്കാനും ദൈനംദിന ജീവിതത്തിലേക്ക് അവരെ തിരികെ കൊണ്ടുവരാനുമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.