വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാവാൻ ഒരുങ്ങി ഒമാനിലെ വക്കാൻ വില്ലേജ്. രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ വക്കാൻ ഗ്രാമത്തിൽ ഇനി ആകാശ യാത്രയും ആസ്വദിക്കാം. പ്രകൃതി ദൃശ്യങ്ങൾ ഉയരങ്ങളിലിരുന്നുകൊണ്ട് കാണാൻ കേബിൾ കാറുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് അധികൃതർ. പ്രകൃതിദൃശ്യങ്ങൾകൊണ്ട് സമ്പന്നമായ വക്കാൻ ഗ്രാമത്തിലെ റോഡ്, കേബ്ൾ കാർ എന്നീ പദ്ധതികൾ ഒരുക്കുന്നതിനായി ടെൻഡർ ക്ഷണിച്ചതായി തെക്കൻ ബാത്തിന ഗവർണറേറ്റ് അറിയിച്ചു. അർബൻ എൻജിനീയറിങ് കൺസൾട്ടൻസി, സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ, പ്രോജക്ട് മാനേജ്മെൻറ് തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ള കമ്പനികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ അൽ ജബൽ അൽ അബ്യാദ് പ്രദേശത്തിന്റെയും വക്കാൻ ഗ്രാമത്തിന്റെയും വികസനത്തിന് സമയപരിധി നിശ്ചയിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാരടക്കമുള്ള പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുകയും വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട ഗ്രാമത്തിലെ അധികൃതരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
32,000 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വർഷം വക്കാനിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തിയത്. സാഹസിക വിനോദസഞ്ചാരം, യാത്രകൾ, ക്യാമ്പിങ് എന്നിവക്കുള്ള രണ്ട് പ്രധാന സ്ഥലങ്ങളായി ഇവയെ വികസിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന വക്കാൻ ഗ്രാമം മസ്കറ്റിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മിതമായ വേനൽക്കാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. മുന്തിരി, മാതളനാരങ്ങ, പൂക്കൾ, ഈന്തപ്പന, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവത സസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.
നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെങ്കിലും ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണെന്നത് സഞ്ചാരികളെ പിന്നോട്ട് വിളിക്കുന്നുണ്ട്. മിക്ക പ്രധാന റോഡുകളിലൂടെയും ഉള്ള യാത്ര സുഗമമാണെങ്കിലും പാർക്കിങ് സൗകര്യങ്ങൾ വളരെ പരിമിതമാണ്. മലയിലേക്കുള്ള കയറ്റം വളരെ ദുർഘടം പിടിച്ചതായത് കൊണ്ടുതന്നെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ എത്തുന്നതായിരിക്കും ഏറ്റവും നല്ലത്. പുതിയ നിർദേശത്തോടെ ഗ്രാമത്തിന്റെ മുഴുവൻ സാധ്യതകളും പ്രയേജനപ്പെടുത്തി മുൻനിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാകാനാണ് വക്കാൻ ഇപ്പോൾ ഒരുങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര നവീകരണം, ടൂറിസത്തിനും സാഹസിക പ്രവർത്തനങ്ങൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയടക്കമുള്ള വികസന പ്രവർത്തങ്ങളായിരിക്കും ഇവിടെ നടത്താൻ പോകുന്നത്. ഇതോടെ വർഷം മുഴുവനും വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാക്കി മാറ്റുകയാണ് ലക്ഷ്യം.